
വെളിച്ചെണ്ണ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ കരുത്തും അഴകുമുള്ള തലമുടി നേടാൻ സാധിക്കും. വെളിച്ചെണ്ണക്കൊപ്പം മറ്റ് പല ചേരുവകൾ കൂടി ചേർത്താൽ കൂടുതൽ ഗുണങ്ങൾ കിട്ടും. അതിനായി കറ്റാർവാഴയും, ആവണക്കും, തേൻ, വിറ്റാമിൻ ഇ ക്യാപ്സൂൾ എന്നിവ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇവയേക്കാളുപരി മുടിയുടെ പലവിധ പ്രശ്നങ്ങളും പരിഹരിക്കാൻ കർപ്പൂരത്തിന് കഴിയും എന്ന് നിങ്ങൾക്കറിയാമോ?
വെള്ള നിറത്തിൽ ക്രിസ്റ്റൽ പ്രകൃതത്തിലുള്ള വസ്തുവാണ് കർപ്പൂരം. കാലാകാലങ്ങളായി ആയുർവേദത്തിൽ മരുന്നിൻ്റെ ഭാഗമായും ചർമ്മ പരിചരണത്തിനും ഇത് ഉപയോഗിച്ചു വരുന്നുണ്ട്. ആൻ്റിസെപ്റ്റിക്, ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളാൽ സമ്പന്നമാണ് കർപ്പൂരം. തലയോട്ടിയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം, കരുത്തുറ്റ തലമുടിയുടെ വളർച്ച, ഹെയർ ഫോളിക്കിളുകളിലേയ്ക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുക തുടങ്ങി ധാരാളം ഗുണങ്ങൾ കർപ്പൂരത്തിനുണ്ട്. ഇത് പുറമെ പുരട്ടുന്നത് താരൻ ചൊറിച്ചിൽ, വരൾച്ച എന്നിവ കുറയ്ക്കും. അതിലൂടെ മുടി കൊഴിച്ചിലും തടയാൻ സാധിക്കും.
അമിതമായ പേൻ ശല്യത്തിന് ഒരു മികച്ച പ്രതിവിധി കൂടിയാണിത്. വെളിച്ചെണ്ണയിൽ കർപ്പൂരം കലർത്തി ഉപയോഗിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് എങ്ങനെ സഹായിക്കും എന്ന് നോക്കാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടതൂർന്ന തിളക്കമുള്ള മുടി
വെളിച്ചെണ്ണയും കർപ്പൂരവും കട്ടിയുള്ള തിളക്കമുള്ള മുടി നേടാൻ ഗുണപ്രദമാണ്. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി അതിലേയ്ക്ക് കർപ്പൂരം പൊടിച്ചതു ചേർത്തലിയിക്കാം. ഇത് തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം, ആഴ്ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യാം.
അതിവേഗം മുടി വളരുന്നതിന്
ഈ മിശ്രിതം ആഴ്ചയിൽ രണ്ടു തവണ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യുന്നത് ഹെയർഫോളിക്കിളികുളിലേയ്ക്കുള്ള രക്തയോട്ടം വർധിപ്പിക്കും. ഇത് മുടി വളരുന്നതിന് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുന്നതിന് അനുഗുണമാണ്.
മുടിക്ക് കട്ടി കുറയുന്നതും കൊഴിയുന്നതും തടയാം
കർപ്പൂരം ചേർത്ത വെളിച്ചെണ്ണ തലയോട്ടിയിലും മുടിയിലും പുരട്ടി മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കുന്നതിനാൽ മുടി അമിതമായി വരണ്ട് അറ്റങ്ങൾ പൊട്ടിപ്പോകുന്ന സാഹചര്യം ഒഴിവാക്കാം. ഇത് തലയോട്ടിയിൽ ആവശ്യമായ ഈർപ്പം തടഞ്ഞു നിർത്തുന്നതിന് ഗുണകരമാണ്.
രണ്ട് കട്ട കർപ്പൂരം പൊടിക്കാം. ഇത് വെളിച്ചെണ്ണിയിലേയ്ക്കു ചേർത്ത് 10 മിനിറ്റ് ചൂടാക്കാം. ശേഷം ചെറുചൂടോടെ തലയോട്ടിയിൽ പുരട്ടി മസാജ് ചെയ്യാം. 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം.
പേൻ ശല്യം കുറയ്ക്കാം
കർപ്പൂരത്തിന് നല്ലൊരു സുഗന്ധമുണ്ട്. ഇത് പേൻ പോലെയുള്ള പാരസൈറ്റുകളെ ഒഴിവാക്കുന്നതിന് നല്ലതാണ്. ഇത് വെളിച്ചെണ്ണയിലേയ്ക്കു ചേർക്കുമ്പോൾ ഓറിക് ആസിഡിൻ്റ സാന്നിധ്യം കൊണ്ട് പേൻ നശിപ്പിച്ച് ആരോഗ്യമുള്ള അന്തരീക്ഷം തലയോട്ടിയിൽ സൃഷ്ടിക്കുന്നു.