രമേശ് ചെന്നിത്തലയെ മുന്നിൽ നിർത്തി കെ.സി.വേണുഗോപാലിനു വേണ്ടി ജി.സുകുമാരൻ നായർ കളത്തിലിറങ്ങി: ഉമ്മൻ ചാണ്ടിയെ മറിച്ചിടാൻ നോക്കിയിട്ട് നടന്നില്ല: ഈ കളി വിജയമോ പരാജയമോ?

Spread the love

കൊച്ചി: തങ്ങളുടെ സമുദായത്തിന് കേരളത്തിലെ താക്കോല്‍ സ്ഥാനത്തിനു വേണ്ടിയുള്ള കളിയാണ് എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ ഇപ്പോള്‍ നടത്തുന്നത്.
താക്കോല്‍ തൻ്റെ കൈവശം തരുന്ന സ്വസമുദായത്തിലെ ഒരു നേതാവ് കേരളം ഭരിക്കണമെന്ന ചിന്ത ജി സുകുമാരൻ നായർക്ക് തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ന്യൂനപക്ഷ സർക്കാരിനെ നയിച്ച ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റി സ്വസമുദായത്തില്‍പ്പെട്ട രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരാൻ സുകുമാരൻ നായർ കളിച്ച കളിയൊക്കെ ജനം അന്ന് കണ്ടതാണ്.

ഒടുവില്‍ രമേശ് ചെന്നിത്തലയ്ക്ക് കയ്യില്‍ അതുവരെ ഉണ്ടായിരുന്ന കെ.പി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച്‌ കേരളത്തിലെ ആഭ്യന്തരമന്ത്രി സ്ഥാനം ഏല്‍ക്കേണ്ടി വന്നു. സ്വസമുദായത്തിലെ തിരുവഞ്ചൂർ രാധാകൃഷ്ണനെ തട്ടിയെറിഞ്ഞാണ് തൻ്റെ കയ്യില്‍ താക്കോല്‍ തരുന്ന രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ ആഭ്യന്തരമന്ത്രിയാക്കാൻ സുകുമാരൻ നായർ കളിച്ചത്. ആഭ്യന്തര പദത്തില്‍ ഏറിയ ചെന്നിത്തല ആ സ്ഥാനത്തിരുന്നുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ച്‌ മുഖ്യമന്ത്രിയാകുമെന്ന് പലരും കണക്ക് കൂട്ടിയിരിക്കാം. എന്നാല്‍ ഈ കണക്ക് കൂട്ടലുകള്‍ എല്ലാം അസ്ഥാനത്ത് ആവുകയായിരുന്നു.

ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ സരിതയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങള്‍ ഉയർന്നുവന്നത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ആയിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. അതിനെയെല്ലാം ഉമ്മൻ ചാണ്ടി അതിജീവിച്ച്‌ കേവല ഭൂരിപക്ഷം മാത്രമുള്ള യുഡിഎഫ് സർക്കാരിനെ 5 വർഷക്കാലം അധികാരത്തില്‍ താങ്ങി നിർത്തുന്നതാണ് കണ്ടത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരത്തില്‍ തിരിച്ചെത്താമായിരുന്നെങ്കിലും നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി ചരട് വലിച്ച്‌ ഗ്രൂപ്പ് കളിച്ച്‌ ഭരണം നഷ്ടപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നില്‍ എല്ലാം ജി സുകുമാരൻ നായർ എന്ന നേതാവിന്റെ അദൃശ്യകരമുണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാവുന്നതല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി.പി ചന്ദ്രശേഖരൻ കൊലക്കേസിലെ മുഴുവൻ പ്രതികളെയും പിടിച്ച്‌ അകത്താക്കിയ സർക്കാർ ആയിരുന്നു അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ. അന്ന് അഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് രമേശ് ചെന്നിത്തലയ്ക്ക് മുൻപുള്ള തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു. അദ്ദേഹം ആ വീരപരിവേഷത്തില്‍ തിളങ്ങി നില്‍ക്കുമ്ബോഴായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണനെ ആഭ്യന്തര മന്ത്രി സ്ഥാനത്തു നിന്ന് മാറ്റി എൻഎസ്‌എസിൻ്റെ സമ്മർദ്ദം മൂലം രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കിയത്. ഇത് ജനങ്ങളുടെ നീരസത്തിന് ഇടയാക്കിയ ഒരു കാര്യമായിരുന്നു. ഇക്കാര്യത്തില്‍ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മുറുമുറുപ്പും കണ്ടതാണ്.

പിന്നീട് ഭരണം നഷ്ടപ്പെട്ട യുഡിഎഫിനെ പ്രതിപക്ഷത്ത് ഇരുന്ന് നയിച്ചത് രമേശ് ചെന്നിത്തലയായിരുന്നു. രമേശ് ചെന്നിത്തലയ്ക്ക് വലിയ ആത്മവിശ്വാസം തന്നെയായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന്. അന്നൊക്കെ ഒന്നിടവിട്ട് മുന്നണികള്‍ ഭരിക്കുന്ന സാഹചര്യമായിരുന്നു ചെന്നിത്തലയുടെ അമിത ആത്മവിശ്വാസത്തിന് പിന്നില്‍. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തില്‍ എത്തുന്നതാണ് കണ്ടത്. പ്രതിപക്ഷ നേതാവായ തൻ്റെ സ്വന്തം സമുദായ നേതാവ് മുഖ്യമന്ത്രിയാകുമെന്ന് ഉറച്ചുവിശ്വസിച്ച ജി സുകുമാരൻ നായർക്കും മുഖ്യമന്ത്രിപദവി സ്വപ്നം കണ്ട് നടന്ന രമേശ് ചെന്നിത്തലയ്ക്കും കരണത്തിനേറ്റ അടിയായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്.

പിന്നീട് പ്രതിപക്ഷ നേതാവ് ആകാൻ ചെന്നിത്തലയും ആ സ്ഥാനത്തേയ്ക്ക് ചെന്നിത്തലയെ കൊണ്ടുവരാൻ ജി സുകുമാരൻ നായരും ആഗ്രഹിച്ചെങ്കിലും കോണ്‍ഗസ് നേതാക്കളും അണികളും പ്രതിപക്ഷ നേതാവായി ചെന്നിത്തല വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് എംഎല്‍എ മാത്രം ആയിരുന്ന വി.ഡി സതീശൻ പ്രതിപക്ഷ നേതാവ് ആയത്. ഇനി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഒരു തിരിച്ചു വരവ് രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടാവില്ലെന്നത് മറ്റാരെക്കാളും നന്നായി അറിയാവുന്ന ജി സുകുമാരൻ നായർക്ക് തന്നെയാണ്. പണ്ട് കെ കരുണാകരനു ശേഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാൻ്റില്‍ ഏറ്റവും പിടിയുണ്ടായിരുന്നത് ചെന്നിത്തലയ്ക്ക് ആയിരുന്നു. ഇപ്പോള്‍ ആ പിടിയും ഇല്ല. അവിടെ ഇപ്പോള്‍ രമേശ് ചെന്നിത്തലയുടെ ശിഷ്യൻ്റെ കളിയാണ്.

രാഹുല്‍ ഒരു വിരല്‍ അനക്കണമെങ്കില്‍ കെ.സി വേണുഗോപാല്‍ പറയണമെന്ന അവസ്ഥ. ഇത് എങ്ങനെ മുതലാക്കണമെന്നുള്ള ഗവേഷണത്തിലാണ് ജി സുകുമാരൻ നായർ. രമേശ് ചെന്നിത്തലയെ മുന്നില്‍ നിർത്തി കളിപ്പിച്ച്‌ വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കി കൊണ്ടുവരാനുള്ള കളിയാണ് ജി സുകുമാരൻ നായർ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. പാവം ചെന്നിത്തലയ്ക്ക് ആണെങ്കില്‍ ഇത് മനസ്സിലാകുന്നുമില്ല. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഒരുപാട് നേതാക്കാള്‍ മുഖ്യമന്ത്രി കോട്ട് തയ്പ്പിച്ച്‌ നില്‍ക്കുന്നുണ്ട്. പല സമുദായത്തിൻ്റെ നോമിനികളായി എത്താൻ താല്പര്യപ്പെടുന്നവരും ഉണ്ട്. എന്നാല്‍ താക്കോല്‍ സ്ഥാനം എൻഎസ്‌എസിന് വേണമെന്ന വിചാരം സുകുമാരൻ നായരെ ഭരിക്കുന്നു എന്നതാണ് സത്യം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നായർ ആണെങ്കില്‍ സുകുമാരൻ നായരെ അംഗീകരിക്കുന്ന ആളല്ല. കെ മുരളീധരൻ ആണെങ്കില്‍ എൻ.എസ്.എസ് പോലെ മറ്റ് എല്ലാ സമുദായങ്ങളും ആയി നല്ല ബന്ധമുണ്ട്. അങ്ങനെ നോക്കുമ്ബോള്‍ വേണുഗോപാല്‍ തന്നെയാണ് ഉത്തമം. പണ്ട് വേണുഗോപാലുമായി ചേർച്ചക്കുറവ് ഉണ്ടായിരുന്നെങ്കിലും വേണു കോണ്‍ഗ്രസ് ഹൈക്കമാൻ്റില്‍ ആധിപത്യം സ്ഥാപിച്ചതോടെ ഇപ്പോള്‍ അതെല്ലാം അങ്ങ് കെട്ടടങ്ങി. വരുന്ന തെരഞ്ഞെടുപ്പില്‍ ഇവിടെ മുഖ്യമന്ത്രി സ്ഥാനത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിക്കുമ്പോള്‍ ഹൈക്കമാൻ്റ് നോമിനിയായി കെ സി വേണുഗോപാല്‍ വരാനുള്ള സാഹചര്യം പരസ്യമായ രഹസ്യമാണ്.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ജി സുകുമാരൻ നായർ ഇപ്പോള്‍ രമേശ് ചെന്നിത്തലയെ ഉയർത്തിക്കാട്ടുമ്ബോള്‍ തർക്കം ഒഴിവാക്കാനും എൻ.എസ്.എസിനെ തൃപ്തിപ്പെടുത്താനും മൂന്നാമതായി കെ.സി വേണുഗോപാലിനെ കോണ്‍ഗ്രസ് ഹൈക്കമാൻ്റ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടുമെന്ന് ജി സുകുമാരൻ നായർ കരുതുന്നുണ്ടാവും. എൻഎസ്‌എസിനെ തൃപ്തിപ്പെടുത്താൻ അല്ലെങ്കില്‍ കൂടി അങ്ങനെ വരുത്തി അത് തൻ്റെ അക്കൗണ്ടില്‍ ആക്കാനാണ് ജി സുകുമാരൻ നായർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വേല വേലായുധനോട് തന്നെ, പാവം രമേശ് ചെന്നിത്തല!