വനിതാ ഐ.പി.എസ് ട്രെയിനിയെ ആക്രമിച്ച പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വിട്ടു
സ്വന്തംലേഖകൻ
തിരുവനന്തപുരം: ട്രെയിനിയായ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് മാല പറിക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പൂന്തുറ സ്വദേശിയായ യുവാവാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. പ്രതിയുടെ സിസിടിവി കാമറ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു. ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവല്ലം പാച്ചല്ലൂർ റോഡിലൂടെ പ്രഭാത സവാരി നടത്തുകയായിരുന്ന വനിതാ ഐപിഎസ് ഓഫീസറെ ബൈക്കിലെത്തിയ യുവാവ് ആക്രമിച്ച് മാലപിടിച്ചുപറിക്കാൻ ശ്രമിക്കുകയായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥ ചെറുത്ത് നിന്നതോടെ യുവാവ് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥയുടെ പരാതിയെ തുടർന്ന് തിരുവല്ലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.