
പത്തനംതിട്ട: പത്തനംതിട്ടയിൽ ആളുമാറി വിവാഹ സംഘത്തെ മർദ്ദിച്ച സംഭവത്തിൽ പത്തനംതിട്ട എസ്.ഐ ക്കെതിരെ നടപടി. എസ്. ഐ എസ്. ജിനുവിനെ എസ്പി ഓഫീസിലേക്ക് സ്ഥലം മാറ്റി. ക്രമസമാധാന ചുമതലകളിൽ നിന്ന് ഉദ്യോഗസ്ഥനെ തൽക്കാലത്തേക്ക് മാറ്റി നിർത്തിയിരിക്കുകയാണെന്നും സസ്പെൻഷൻ അടക്കമുള്ള മറ്റ് നടപടികൾ അന്വേഷണത്തിന് ശേഷം ഉണ്ടാകുമെന്നും അറിയിപ്പ് ലഭിച്ചു.
പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ ജിനുവും സംഘവുമാണ് ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ അതിക്രമം നടത്തിയത്. ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണ് പോലീസ് എത്തിയതെന്നും ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നുമാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നത്.
ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴിയില്‍ വാഹനം നിര്‍ത്തി വിശ്രമിക്കുകയായിരുന്ന സംഘത്തിന് നേരെ പോലീസ് അകാരണമായി ലാത്തി വീശുകയായിരുന്നുവെന്നാണ് പരാതി. മർദ്ദനത്തിൽ പരിക്കേറ്റ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group