ഗുണ്ടകളുടെ കോട്ടയായി കോട്ടയം..! ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ ഉള്ളത് ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍, ചങ്ങനാശേരി സ്‌റ്റേഷന്‍ പരിധിയിൽ; കരുതല്‍ തടങ്കലിലാക്കിയത് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും അക്രമ സ്വഭാവം ഉള്ളവരുമായ 14 പേരെ; ഒടുവില്‍ ഗുണ്ടകളുടെ ക്രൂരതയ്ക്ക് ഇരയായത് കുടുംബത്തിന്റെ ആശ്രയമായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍; ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥര്‍ക്കു പോലും സുരക്ഷയില്ലാത്ത സാഹചര്യം

Spread the love

കോട്ടയം: ഗുണ്ടകളുടെ കോട്ടയായി കോട്ടയം.

ക്രിമിനല്‍ സംഘങ്ങളുടെ സംഘര്‍ഷത്തില്‍ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥനെ ചിവിട്ടിക്കൊന്ന ഞെട്ടലിലാണ് കോട്ടയം. ഡ്യൂട്ടികഴിഞ്ഞു യാത്ര പറഞ്ഞു വീട്ടിലേക്കു മടങ്ങിയ ഉദ്യോഗസ്ഥൻ്റെ വിയോഗം ഉള്‍ക്കൊള്ളാൻ സഹ പ്രവര്‍ത്തകര്‍ക്കായിട്ടില്ല.

കോട്ടയം ജില്ലയില്‍ ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍, ചങ്ങനാശേരി സ്‌റ്റേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ ഉള്ളത്.
പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും ഉണ്ട് നിരവധി പേര്‍. പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതും അക്രമ സ്വഭാവം ഉള്ളവരുമായ 14 പേരെയാണ് പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ വര്‍ഷങ്ങളിലെ ആഘോഷ രാവുകളില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍ അക്രമങ്ങളും സംഘട്ടന പരമ്പരകളുമായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകകള്‍ പലതും തീര്‍ത്തിരുന്നതും ഇത്തരം ആഘോഷ രാവുകളിലായിരുന്നു.

അടിപിടിയും അക്രമവും കൊലപാതകത്തില്‍ വരെ എത്തിയ സംഭവങ്ങളുമുണ്ട്. കള്ള് ഷാപ്പുകളിലും ബാറുകളിലുമടക്കം സംഘട്ടനങ്ങളും പതിവായിരുന്നു. ഇതോടെയാണ് ഉദ്യോഗസഥര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. ന്യൂഇയര്‍ കഴഞ്ഞതോടെ പരിശോധനകളും കുറഞ്ഞു.

സ്‌കൂള്‍ കാലത്ത് തന്നെ ലഹരിക്ക് അടിമയാകുന്ന യുവാക്കളാണ് പിന്നീട് ഗുണ്ടാ പ്രവര്‍ത്തനങ്ങളിലേക്കു തിരിയുന്നത്. സ്‌കൂളില്‍ തുടങ്ങുന്ന അടിപിടി കേസുകള്‍ പിന്നീട് സ്‌കൂളിനു പുറത്തേക്കും വ്യാപിക്കും

ആര്‍പ്പൂക്കര, വില്ലൂന്നി, അതിരമ്പുഴ എന്നീ പ്രദേശളില്‍ മാത്രം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട കുട്ടികളുടെ എണ്ണം ചെറുതല്ല. പ്ലസ് ടു കഴിഞ്ഞ പുറത്തിറങ്ങുന്നതോടെയാണ് ഇവര്‍ കുറ്റവാളികളുടെ പാതയിലേക്ക് തിരിയുന്നത്.

മദ്യവും മയക്കുമരുന്നും അടിമകളായി ചെറിയ അടിപടി കേസുകളില്‍ ഇവര്‍ ജയിലേക്ക് പോകും. ജയിലില്‍ കഴിയുന്ന കുറ്റവാളികളുമായി ചങ്ങാത്തവും സ്ഥാപിക്കും.
പിന്നീട് ഇവരുടെ സംഘങ്ങളില്‍ അംഗങ്ങളാകും. കഞ്ചാവും എം.ഡി.എം.എയും ഉള്‍പ്പടെ വില്‍ക്കാനും പിന്നീട് അടിപിടി കേസുകളിലും വധശ്രമ കേസുകളിലും പ്രതിയാകും.

പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ അക്രമ സംഘത്തില്‍ ഒരാളായ കോട്ടയം പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജും ഇത്തരത്തില്‍ ചെറിയ അടിപിടി കേസുകളില്‍ പ്രതിയായി തുടങ്ങിയതാണ്. പിന്നീട് സ്ഥിരം കുറ്റവാളിയായി മാറി.

പോലീസ് ഉദ്യോഗസ്ഥനാണ് എന്നറിഞ്ഞിട്ടു പോലും ലഹരിയ്ക്ക് അടിമയായ പ്രതി ആക്രമണം നടത്തുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥര്‍ക്കു പോലും സുരക്ഷയില്ലാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ കേരളമെന്നും ലഹരി മാഫിയ സംഘത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.