
കുമരകം: വാഴയും കപ്പയും ചെണ്ടുമല്ലിക്കും ശേഷം കുമരകത്തെ സഹൃദയ ഗ്രൂപ്പിന്റെ പുതിയ ചുവടുവയ്പിലെ വിളവെടുപ്പ് ഉത്സവത്തിന് ഇത്തിരി എരിവ് കൂടും.
കുമരകം പഞ്ചായത്തിലെ സഹൃദയാ ജെഎൽജി ഗ്രൂപ്പിന്റെ ഇത്തവണത്തെ പച്ചമുളക് കൃഷിയുടെ വിളവെടുപ്പ് ഉത്സവമാണ് കഴിഞ്ഞ ദിവസം നടന്നത്. വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം വി.എൻ.ജയകുമാർ നിർവ്വഹിച്ചു.
കൃഷി ആഫീസർ ആൻ സ്നേഹ ബേബിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ചെടി നിറയെ നന്നായി വിളഞ്ഞ് മൂത്ത പച്ചമുളകിൽ ചിലത് പഴുത്ത് ചുവന്നപ്പോൾ വിളവിനോടൊപ്പം മുളകിന്റെ എരിവും കലർന്ന നയന മനോഹരമായ കാഴ്ചയും ഉണ്ടായതിന്റെ സന്തോഷത്തിലാണ് പരിസര വാസികളും, ഗ്രൂപ്പ് അംഗങ്ങളും. ബസാറിന് സമീപം കാണിച്ചേരിൽ ഷാജി സ്കറിയായുടെ പുരയിടത്തിലാണ് പച്ചമുളക് പറിക്കാൻ പാകമായി നില്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാഴ, കപ്പ ചെണ്ടുമല്ലിപ്പൂവ് എന്നീ കൃഷികൾക്ക് ശേഷമാണ് സഹൃദയാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 4-ാമത് സംരംഭമായി പച്ചമുളക് കൃഷിയിലേക്ക് തിരിഞ്ഞത്. കുമരകം 10-ാംവാർഡിലെ കുടുംബശ്രീയും കേന്ദ്ര എംജിഎൻആർഈജിഎസ് പദ്ധതിയിലൂടെ തൊഴിലുറപ്പും സംയോജിപ്പിച്ചാണ് കൃഷിരീതികൾ നടത്തുന്നത്.
ചാണകവും ശർക്കരയും കമ്പോസ്റ്റും ഉൾപ്പെടെയുള്ള ജൈവ വള പ്രയോഗമാണ് കൃഷിയിൽ അവലംബിക്കുന്നത് . ആദ്യമായി പരിചയമില്ലാതെ പച്ചമുളക് കൃഷി ചെയ്തെങ്കിലും നല്ല രീതിയിലുള്ള വിളവാണ് കാണിക്കുന്നതെന്നും അംഗങ്ങൾ പറഞ്ഞു.
ഇതിനു മുമ്പുള്ള കൃഷികൾക്ക് കാലവർഷക്കെടുതി മൂലവും, ഉല്പന്നം യഥാസമയം വിറ്റഴിക്കാൻ കഴിയാതെ വന്നതു മൂലവും നഷ്ടമാണ് ഗ്രൂപ്പിന് ഉണ്ടായത്. അതുകൊണ്ട് പഞ്ചായത്തിന്റെയോ കൃഷിഭവന്റെയോ നേതൃത്വത്തിൽ ഗ്രൂപ്പുകൾ ഉൽപാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണന
സാധ്യത ഉറപ്പാക്കാനുള്ള നടപടി കൈക്കൊള്ളണമെന്നും അംഗങ്ങൾ പറഞ്ഞു. ഗ്രൂപ്പ് പ്രസിഡന്റ് സിന്ധു പ്രസാദ്, സെക്രട്ടറി സജിനി ബിജു, ലത വിജയൻ, മിനി ഷാജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കൃഷി നടത്തിയത്.



