കൂത്താട്ടുകുളത്ത് നഗരസഭ വനിത കൗൺസിലറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വീഴ്ച പറ്റി; പോലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ

Spread the love

കൊച്ചി : കൂത്താട്ടുകുളത്ത് നഗരസഭയിലെ വനിതാ കൗണ്‍സിലർ കലാരാജുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്. പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത റിപ്പോർട്ട് എസ്പി ഡിഐജിക്ക് കൈമാറി.

പട്ടാപ്പകൽ പൊലീസ് നോക്കി നിൽക്കെ നടന്ന തട്ടിക്കൊണ്ടുപോകലിൽ സിപിഎം വാദവും പൊളിയുകയാണ്. കലാരാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോവുക മാത്രമാണുണ്ടായതെന്നും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നുമായിരുന്നു സിപിഎം നേതാക്കളുടെ വാദം. പ്രതിപക്ഷമാണ് പൊലീസ് വീഴ്ചയിൽ  ആരോപണം ഉന്നയിച്ചത്.

തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി ത‍ടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതരവകുപ്പുകൾ ചുമത്തിയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയതില്‍ കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്. ഒന്നാം പ്രതി സിപിഎം ഏര്യാ സെക്രട്ടറിയാണ്. രണ്ടാം പ്രതി കൂത്താട്ടുകുളം നഗരസഭാ ചെയര്‍ പേഴ്സൺ ആണ്. വൈസ് ചെയര്‍മാനാണ് മൂന്നാം പ്രതി.
നഗരസഭയില്‍ അവിശ്വാസപ്രമേയം ചര്‍ച്ചചെയ്യാനിരിക്കവേയാണ് മറുകണ്ടം ചാടാന്‍ നിന്ന സ്വന്തം കൗണ്‍സിലറെ സിപിഐഎം തട്ടിക്കൊണ്ടുപോയത്. ഇതിനുപിന്നാലെ കൂത്താട്ടുകുളത്ത് വലിയ രാഷ്ട്രീയ സംഘര്‍ഷമുണ്ടായിരുന്നു.
ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് കൂട്ടുനിന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ഉയർത്തിയ ആരോപണം.