ബസ് യാത്രയ്ക്കിടെ കൈ പുറത്തിട്ടു ; ഇലക്ട്രിക് പോസ്റ്റിലിടിച്ച് അറ്റു പോയി; രക്തം വാർന്ന് 55 കാരൻ മരിച്ചു

Spread the love

തിരുവനന്തപുരം: വിഴി‍ഞ്ഞത്ത് ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട യാത്രക്കാരൻ ​ഗുരുതര പരിക്കേറ്റ് മരിച്ചു. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാർന്ന് മരിച്ചത്. ലോ ഫ്ലോർ ബസിൽ സഞ്ചരിക്കവേ ഉറങ്ങിയപ്പോയ ബെഞ്ചിലാസിന്റെ കൈ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കൈ അറ്റുപോയതിനെ തുടർന്ന് രക്തസ്രാവം ഉണ്ടാവുകയും മരിക്കുകയുമായിരുന്നു.

ഇദ്ദേഹത്തിന്റെ തലയ്ക്കും പരിക്കേറ്റിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ബസ് വളവ് തിരിഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ യാത്രക്കാർ ചേർന്ന് ബെഞ്ചിലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേ​ഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. കൊല്ലങ്കട് സ്വദേശി റോബർട്ടി (46) നാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ റോബർട്ടിനെ വിഴിഞ്ഞം സാമൂഹികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group