
സ്‌കൂൾ കുട്ടികൾക്ക് വിൽക്കാൻ കഞ്ചാവ്: ഏറ്റുമാനൂരിൽ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: സ്‌കൂൾ വിദ്യാർത്ഥികൾക്കും, അവധിക്കാലത്ത് കഞ്ചാവ് വലിച്ചു തുടങ്ങാനിറങ്ങുന്ന കുട്ടി കഞ്ചാവുകാർക്കും വിതരണം ചെയ്യാനായി എത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.
നെടുംകുന്നം സ്വദേശി കൂട്ടുങ്കൽ വീട്ടിൽ സ്റ്റീഫൻ ദേവസ്യ (30)യെയാണ് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന്റെ സമീപത്ത് നിന്നും ഏറ്റുമാനൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾക്കുള്ള കഞ്ചാവുമായി ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് യുവാക്കൾ എത്തുന്നതായി എക്‌സൈസ് എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു. തുടർന്ന് ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതേ തുടർന്നാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഏറ്റുമാനൂർ എക്‌സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയാത്ത്, പ്രിവന്റീവ് ഓഫീസർമാരായ അനു ഗോപിനാഥ്, സജിമോൻ, ഫിലിപ്പ്, സിവിൽ ഓഫീസർമാരായ ആരോമൽ മോഹൻ, ദീബീഷ്, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.