കാസർഗോഡ്: നീലേശ്വരം ബസ് സ്റ്റാൻഡില്‍ നിന്നും കണ്ണൂരിലേക്ക് അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 16 വയസുകാരനെ കെഎസ്‌ആർടിസി ബസില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസില്‍ പൊലീസ് അന്വേഷിച്ചുനടന്ന കണ്ടക്ടർ ഒടുവില്‍ പിടിയിൽ. ബേഡകം സ്വദേശി പി രാജ (42) ആണ് അറസ്റ്റിലായത്.
2024 മെയ് 10നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ മറ്റൊരു സീറ്റിലാണ് അന്ന് ഇരുന്നിരുന്നത്. പിന്നീട് കൗമാരക്കാരന്റെ അസാധാരണ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്. കൗണ്‍സിലിംഗിനിടെ കൗമാരക്കാരൻ ബസ് യാത്രയില്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയായിരുന്നു.
ഇതേത്തുടർന്ന് ബന്ധപ്പെട്ടവർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരം പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്ന് ഏറെ നാളുകള്‍ക്കു ശേഷമാണ് പരാതി ലഭിച്ചതെങ്കിലും പ്രതിയെ നേരിട്ട് കണ്ടാല്‍ തിരിച്ചറിയാൻ കഴിയുമെന്ന് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കുകയും ഒടുവില്‍ പിടികൂടുകയുമായിരുന്നു. നീലേശ്വരം എസ്‌ഐ വിഷ്ണുപ്രസാദും സംഘവും വീട്ടില്‍ എത്തിയാണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്.