
കോട്ടയം: നഗരസഭയുടെ പെന്‍ഷന്‍ ഫണ്ടില്‍നിന്നു 2.4 കോടി രൂപ തട്ടിയെടുത്ത കേസില്‍ നഗരസഭയിലെ 29 ജീവനക്കാരില്‍ നിന്നു തുക ഈടാക്കാന്‍ നിര്‍ദേശമെത്തിയതിന് പിന്നാലെ നഗരസഭാ സെക്രട്ടറി ബി. അനിൽകുമാറിന് തട്ടിപ്പുകാരൻ അഖിൽ സി വർഗീസ് അയച്ച ഇമെയിലുകളുടെ പകർപ്പ് തേർഡ് ഐ ന്യൂസിന് ലഭിച്ചു.
അഖിൽ സി വർഗീസ് കോട്ടയത്തുനിന്നും വൈക്കത്തേക്ക് സ്ഥലം മാറിയതിനുശേഷം കോട്ടയം നഗരസഭയിൽ നടത്തിയ ഇടപാടുകളുടെ വിശദവിവരങ്ങളാണ് അഖിൽ സി വർഗീസിന്റെ മെയിൽ ഐഡിയിൽ നിന്ന് നഗരസഭാ സെക്രട്ടറിയുടെ മെയിൽ ഐഡിയിലേക്ക് അയച്ചിട്ടുള്ളത്.
കോട്ടയം നഗരസഭയിൽ നിന്നും സ്ഥലം മാറി മറ്റൊരു നഗരസഭയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ സംബന്ധിച്ച് സ്ഥലം മാറിയ ഉദ്യോഗസ്ഥൻ നഗരസഭാ സെക്രട്ടറിക്ക് ഇമെയിൽ അയച്ചു എന്ന് പറയുമ്പോൾ തന്നെ തട്ടിപ്പുകൾ സംബന്ധിച്ച് നഗരസഭാ സെക്രട്ടറിക്ക് അറിയാമായിരുന്നു എന്ന് വ്യക്തമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഖിൽ സി വർഗീസ്തട്ടിപ്പ് നടത്തിയ 47 മാസം കോട്ടയം നഗരസഭയില്‍ ജോലി ചെയ്ത ഒന്‍പത് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരില്‍ നിന്നു നഷ്ടപ്പെട്ട തുക ഈടാക്കാനാണു തദ്ദേശവകുപ്പ് ഡയറക്ടറേറ്റിലെ ഫിനാന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം കഴിഞ്ഞദിവസം സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്.
സാമ്പത്തികബാധ്യത കണക്കാക്കി 18% പിഴപ്പലിശ സഹിതം ഈടാക്കാനാണു നിര്‍ദേശം. കൂടുതല്‍ തട്ടിപ്പു കണ്ടെത്തിയാല്‍ ആ തുകയും ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും.
സെക്രട്ടറിമാര്‍ക്കു പുറമേ അവരുടെ പിഎ, ക്ലാര്‍ക്ക് / അക്കൗണ്ടന്റ്, സൂപ്രണ്ട് എന്നിവരില്‍നിന്നാണു തുക ഈടാക്കുക. കോട്ടയം നഗരസഭയില്‍ ക്ലാര്‍ക്കായിരുന്ന അഖില്‍ സി.വര്‍ഗീസ് എന്ന യുവാവാണ് പെന്‍ഷന്‍ ഫണ്ടില്‍നിന്ന് അമ്മ പി.ശ്യാമളയുടെ അക്കൗണ്ടിലേക്കു കോടികള്‍ മാറ്റി 2.4 കോടിയുടെ തട്ടിപ്പു നടത്തിയത്. പിന്നീട് ഇയാള്‍ ഇവിടെ നിന്നും സ്ഥലം മാറി പോയിട്ടും ക്രമക്കേട് കണ്ടെത്തിയിരുന്നില്ല
ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ നഗരസഭയിലെ ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നഗരസഭാ ഡപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ 4 പേരെ നേരത്തേ തദ്ദേശവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തട്ടിപ്പിനുശേഷം മുങ്ങിയ അഖില്‍ സി.വര്‍ഗീസിനെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസ് വിജിലന്‍സ് അന്വേഷിച്ചുവരികയാണ്