പമ്പയിൽ അയ്യപ്പൻമാർ കുളിക്കാനിറങ്ങിയപ്പോൾ ഒരാൾ ഇരുമുടി കെട്ടിന് കാവലിരുന്നു: പിന്നെ സംഭവിച്ചതെല്ലാം സിസിടിവി കാണുന്നുണ്ടായിരുന്നു: കള്ളനോട്ടിന്റെ പിന്നാലെ പോയ പോലീസ് ഒടുവിൽ യഥാർത്ഥ പ്രതിയെ അറസ്റ്റു ചെയ്തത് ഇങ്ങനെ

Spread the love

കാസര്‍ഗോഡ്: സിനിമാക്കഥകളെ വെല്ലുന്ന പോലീസിന്‍റെ അന്വേഷണമികവില്‍ കള്ളനോട്ട് കേസിലെ യഥാര്‍ഥ പ്രതി അറസ്റ്റില്‍.
ചെമ്മനാട് കളനാട് ബാലഗോപാല ക്ഷേത്രത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന കോണ്‍ക്രീറ്റ് തൊഴിലാളി കിഷോര്‍കുമാര്‍ (35) ആണ് അറസ്റ്റിലായത്. ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

video
play-sharp-fill

ഉദുമ ആറാട്ടുകടവിലെ തെങ്ങുകയറ്റതൊഴിലാളിയായ വിനോദ് തന്‍റെ മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേ മാറ്റുന്നതിനായി ഉദുമ പാലക്കുന്നിലെ മൊബൈല്‍ ഷോപ്പില്‍ നല്‍കിയിരുന്നു. ഇതിനു 2000 രൂപയാണ് (500 രൂപയുടെ നാലു നോട്ടുകള്‍) ആണ് വിനോദ് നല്‍കിയത്. എന്നാല്‍ പിന്നീട് കടയുടമ പരിശോധിച്ചപ്പോള്‍ ഇതില്‍ മൂന്നും കള്ളനോട്ടുകളാണെന്ന് മനസിലായി. ഇക്കാര്യം കടയുടമ അറിയിച്ചതിനെതുടര്‍ന്ന് വിനോദ് തന്‍റെ കൈവശമുള്ള മറ്റ് 500 രൂപ നോട്ടുകളുമായി ചെന്നപ്പോള്‍ അതില്‍ രണ്ടെണ്ണം കൂടി കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞു. ഇതേത്തുടര്‍ന്ന് കടയുടമയുടെ പരാതിയില്‍ ബേക്കല്‍ പോലീസ് വിനോദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ജില്ലാ പോലീസ് മേധാവി ഡി. ശില്പ കേസ് എസ്‌എജിഒസിക്ക് (സ്‌പെഷല്‍ ആക്‌ഷന്‍ ഗ്രൂപ്പ് എഗൈന്‍സ്റ്റ് ഓര്‍ഗനൈസ്ഡ് ക്രൈംസ്) കേസ് കൈമാറി. വിനോദ് നിരപരാധിയാണെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായും അല്ലാത്തപക്ഷം നോട്ടുകളുമായി അയാള്‍ വീണ്ടും കടയുടമയുടെ അടുത്തേക്ക് പോകില്ലായിരുന്നെന്നും എസ്‌ഐ നാരായണന്‍ നായര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോദിനെ ചോദ്യം ചെയ്തപ്പോള്‍ ശബരിമലയില്‍ പോകുന്നതിനായി ഉദുമയിലെ ബാങ്കില്‍നിന്നു 10,000 രൂപ പിന്‍വലിച്ചിരുന്നതായി പോലീസിനെ അറിയിച്ചു. ഇരുമുടിക്കെട്ടിലാണ് വിനോദ് പണം സൂക്ഷിച്ചിരുന്നത്. മൂന്നു പേര്‍ക്കൊപ്പമാണ് വിനോദ് ശബരിമലയ്ക്ക് പോയത്. ഇവര്‍ പമ്പയില്‍ പരിചയപ്പെട്ട ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 16 പേര്‍ക്കൊപ്പം മലകയറിയിരുന്നു. ഇവരില്‍ പലരും പരസ്പരം അറിയാത്തവരായിരുന്നു.

വിനോദ് ശബരിമലയില്‍നിന്നു തിരിച്ചെത്തി രണ്ടു ദിവസം കഴിഞ്ഞാണ് മൊബൈല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കിയതെന്ന് പോലീസ് മനസിലാക്കി. പോലീസ് ബാങ്കിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിനോദ് പറഞ്ഞത് ശരിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് വിനോദിനൊപ്പം ശബരിമലക്ക് പോയവരെക്കുറിച്ചായിരുന്നു അന്വേഷണം. 16 പേരെയും പോലീസ് കണ്ടെത്തി ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല. എന്നാല്‍ ഇതിനിടെ അന്വേഷണ സംഘത്തിന് സുപ്രധാനമായ ഒരു വിവരം ലഭിച്ചു.

നാലുമാസം മുമ്പ് ചെര്‍ക്കളയില്‍നിന്നു മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അഞ്ഞൂറിന്‍റെ 400 ലേറെ കള്ളനോട്ടുകളും അച്ചടിയന്ത്രവും പിടികൂടിയ കേസില്‍ അറസ്റ്റിലായ മുളിയാര്‍ മല്ലം സ്വദേശി കെ.വിനോദ്കുമാറിന്‍റെ സഹോദരീഭര്‍ത്താവാണ് തീര്‍ഥാടകരില്‍ ഒരാളായ കിഷോര്‍കുമാര്‍ എന്നു പോലീസ് മനസിലാക്കി. തുടര്‍ന്ന് കിഷോറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പ്രത്യേകിച്ച്‌ പ്രയോജനമൊന്നും ഉണ്ടായിരുന്നില്ല.

വിനോദ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ചെറിയ ചില വിവരങ്ങള്‍ കേസിന് വലിയ സഹായമായി. പമ്പയില്‍ കിഷോര്‍കുമാര്‍ എല്ലാവരെക്കാളും മുമ്പ് കുളിക്കുകയും മറ്റുള്ളവരുടെ ഇരുമുടിക്കെട്ടിന് കാവല്‍ നിന്നിരുന്നതായും ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. പ്രമോദ് പമ്പയില്‍ ഡ്യൂട്ടി ചെയ്തിരുന്ന സഹപ്രവര്‍ത്തകനെ വിളിച്ച്‌ കിഷോര്‍കുമാറും വിനോദും വിശ്രമിച്ചതായി പറഞ്ഞ സ്ഥലത്തെ വീഡിയോ പരിശോധിക്കാനായി പറഞ്ഞു. വിനോദിന്‍റെ ബാഗില്‍നിന്നും ഒറിജിനല്‍ പണം മാറ്റി കള്ളനോട്ട് വയ്ക്കുക്കുന്നതിന്‍റെ സിസിടിവി ദൃശ്യമുള്ളതായി പോലീസ് കിഷോര്‍ കുമാറിനോട് പറഞ്ഞതോടെ കിഷോര്‍കുമാര്‍ കുറ്റം ഏറ്റുപറയുകയായിരുന്നു.

മറ്റുള്ളവര്‍ കുളിക്കാന്‍ പോയപ്പോള്‍ പമ്പയില്‍ വച്ച്‌ വിനോദിന്‍റെ ബാഗിലുണ്ടായിരുന്ന 10,000 രൂപയുടെ കെട്ടില്‍ ഏഴ് അഞ്ഞൂറിന്‍റെ കള്ളനോട്ടുകള്‍ തിരുകിക്കയറ്റി യഥാര്‍ഥ നോട്ടുകള്‍ മോഷ്ടിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പോലീസ് കിഷോറിന്‍റെ വീട്ടിലും വിനോദ്കുമാറിന്‍റെ മല്ലത്തെ വീട്ടിലും റെയ്ഡ് നടത്തി. വിനോദിന്‍റെ അമ്മയെ നിരന്തരം ചോദ്യം ചെയ്തപ്പോള്‍ മകന്‍ പറഞ്ഞതനുസരിച്ച്‌ കള്ളനോട്ടുകളും പ്രിന്‍റിംഗ് സാമഗ്രികളും സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചതായി പറഞ്ഞു.

തുടര്‍ന്ന് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. കള്ളനോട്ടുകള്‍ ടാങ്കില്‍ ദ്രവിച്ച്‌ പോയെങ്കിലും നോട്ടിനായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക്ക് സ്ട്രിപ്പിന്‍റെ അവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍നിന്നു കണ്ടെടുത്തു. വിനോദിന്‍റെ വീട്ടിന്‍റെ മച്ചിന്‍പുറത്തു സൂക്ഷിച്ചിരുന്ന അഞ്ഞൂറിന്‍റെ 27 കള്ളനോട്ടുകള്‍ മോഷ്ടിക്കുകയായിരുന്നെന്നാണ് കിഷോര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ 100 നോട്ടുകളുള്ള ഒരു കെട്ട് നോട്ട് തന്നെ കിഷോര്‍ മോഷ്ടിച്ചിരിക്കാമെന്നാണ് പോലീസിന്‍റെ നിഗമനം.

പ്രതി ജില്ലയില്‍ വന്‍ തോതില്‍ കള്ളനോട്ടുകള്‍ വിതരണം ചെയ്‌തെന്നാണ് പോലീസ് സംശയിക്കുന്നത്. ഭാര്യാസഹോദരന്‍ വിനോദ് കുമാറിനെ കേസില്‍ പ്രതി ചേര്‍ക്കാനും പോലീസ് ആലോചിക്കുന്നുണ്ട്. ചെര്‍ക്കളയിലെ കള്ളനോട്ട് കേസില്‍ മൂന്നു മാസം ജുഡീഷല്‍ കസ്റ്റഡിയിലായിരുന്ന ഇയാള്‍ ഡിസംബറില്‍ ജയില്‍മോചിതനായിരുന്നു. ബേക്കല്‍ എസ്‌ഐമാരായ മനോജ് കൊട്രച്ചാല്‍, ബാവ അക്കരക്കാരന്‍, സതീശന്‍, വനിതാ പോലീസുകാരായ ഷൈലജ, പത്മ, ഡ്രൈവര്‍ സജീഷ് എന്നിവര്‍ അന്വേഷണത്തിന്‍റെ ഭാഗമായി. പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് -രണ്ട് കോടതി റിമാന്‍ഡ് ചെയ്തു.