ഇത്തവണയും കുരുക്കാക്കി വിശപ്പ് ; ചെന്താമര പിടിയിലായത് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരുന്നതിനിടെ ; പോത്തുണ്ടി മലയിൽ ഒളിച്ചിരുന്നത് 35 മണിക്കൂർ ; 2019 ല്‍ വീട്ടമ്മയുടെ കൊലപാതകശേഷവും പിടിയിലായത് സമാനരീതിയില്‍ ; സ്റ്റേഷന് മുന്നിൽ സംഘർഷം, ജനരോഷം ; ലാത്തി വീശി പൊലീസ്

Spread the love

പാലക്കാട്: നെന്മാറ ഇരട്ടക്കൊലകേസിലെ പ്രതി ചെന്താമര ഒളിയിടത്തില്‍ നിന്ന് പുറത്തുചാടിയത് വിശപ്പ് സഹിക്ക വയ്യാതെ. 35 മണിക്കൂറോളം പോത്തുണ്ടി മലയിലാണ് ഇയാള്‍ ഒളിച്ചിരുന്നത്. വിശപ്പ് കാരണം പുറത്തിറങ്ങി വന്നപ്പോഴാണ് പിടിയിലായത്. 2019ലും കൊലയ്ക്ക് ശേഷം ആഹാരം കഴിക്കാന്‍ ഇറങ്ങിവരവെയാണ് ഇയാള്‍ അറസ്റ്റിലായത്.

തെരച്ചില്‍ അവസാനിപ്പിച്ച് എല്ലാവരും മടങ്ങിയെന്ന് കരുതി വനത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പ്രതി തയ്യാറായപ്പോള്‍ അറസ്റ്റിലാകുകയായിരുന്നു. തെരച്ചില്‍ അവസാനിപ്പിച്ചെന്ന് നാട്ടുകാരോട് പറഞ്ഞെങ്കിലും രണ്ട് പൊലീസുകാര്‍ വീതമുള്ള സംഘം വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിരുന്നു. ഇയാള്‍ ഭാര്യയെയും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നതായാണ് വിവരം.

ഇയാളെ നെന്മാറ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം പൊലീസ് ഗേറ്റ് പൂട്ടി. പ്രതിയെ പുറത്തിറക്കി വിടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ വലിയ സംഘര്‍ഷം സ്റ്റേഷന് മുന്നില്‍ തീര്‍ത്തു. ഗേറ്റ് തകര്‍ത്തും സ്റ്റേഷനകത്തേക്ക് കയറാന്‍ ജനം ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. പെപ്പര്‍ സ്പ്രേയും പൊലീസ് പ്രയോഗിച്ചു. പൊലീസിന്റെ വാഹനം ജനങ്ങളും തടഞ്ഞു. സ്റ്റേഷനിലെത്തിക്കുന്നതിനിടെ ചെന്താമരയെ നാട്ടുകാര്‍ ആക്രമിക്കാനും ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പാലക്കാട് പോത്തുണ്ടിയില്‍ തിരച്ചില്‍ നടത്തിയത്. കോഴിക്കോട്ടെ കക്കാടും ഇയാളെ കണ്ടെന്ന വിവരത്തെ തുടര്‍ന്നു തിരച്ചില്‍ നടത്തിയിരുന്നു. പല സ്ഥലങ്ങളിലും ഇയാളെ കണ്ടെന്ന വിവരം ലഭിച്ചു. അവിടെയെല്ലാം പൊലീസ് പരിശോധിച്ചു. പോത്തുണ്ടി മാട്ടായി വനമേഖലയില്‍ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണു പ്രതിയെ പിടികൂടിയത്” എസ്പി വ്യക്തമാക്കി.