
കൊച്ചി: ടി.പി ചന്ദ്രശേഖറിന്റെ കൊലയാളികളുടെ വിവാഹവേദിയില്‍ ചിരിച്ചു നിന്ന സഖാവ് ഷംസീർ കെ കെ രമയുടെ മകന്റെ വിവാഹത്തിനും. സ്പീക്കറെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
ഒരേ സമയം ഇരയുടെ കുടുംബത്തിനൊപ്പവും വേട്ടക്കാരനൊപ്പവും ഇങ്ങനെ ചിരിച്ചു കൊണ്ട് പോസ് ചെയ്യാൻ കഴിയുമോ സക്കീർ ഭായ്ക്ക്? യേസ്, ഐ ക്യാൻ!! രാഷ്ട്രീയ ഗോദയില്‍ പരസ്പരം സ്ഥായിയായ ശത്രുതയും വൈരാഗ്യമനോഭാവവും ഉണ്ടാവാതിരിക്കുക എന്നത് ജനാധിപത്യ മര്യാദ. അത് ഉള്‍ക്കൊള്ളുന്നു, അംഗീകരിക്കുന്നു. ശരിയാണ്, ഇത് ഒരു വിവാഹമാണ്. വിവാഹത്തിലും മരണത്തിലും ഒക്കെ വൈരം മറന്ന്, രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് നേതാക്കള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകാറുണ്ട്. ഈ വിവാഹത്തിന് വന്ന സുരേഷ് കുറുപ്പ് എന്ന നല്ല കമ്മ്യൂണിസ്റ്റ് നേതാവ് ഒരു ഉദാഹരണം.
എന്നാല്‍ ഈ ചിത്രം കാണുമ്പോള്‍ എന്ത് കൊണ്ടോ ആ ഒരു ജനാധിപത്യ മര്യാദ മറന്നുപോകുന്നു. അതിനാല്‍ തന്നെ ചിലത് പറയാനുണ്ട് , എഴുതാനുണ്ട്. കെ കെ രമ എന്ന പേര് മലയാളി പൊതു സമൂഹം ആദ്യം ശ്രദ്ധിച്ചത്, ടി പി യുടെ വിധവ എന്ന ലേബലോടെയാണ്. അവരെ ഹൃദയം കൊണ്ട് നമ്മളൊക്കെ ചേർത്തുപ്പിടിച്ചത് ആ 51വെട്ട് കൊണ്ട ശരീരം കാണേണ്ടി വന്ന, ആ ദൗർഭാഗ്യം ജീവിതത്തില്‍ ഏറ്റുവാങ്ങേണ്ടി വന്ന ഹതഭാഗ്യ എന്ന നിലയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് അവരെ ആദരവോടെ പൊതുസമൂഹം സ്നേഹിച്ചുതുടങ്ങിയത് ഭർത്താവിന്റെ ഘാതകരെ, അവരിനി എത്ര വലിയ വമ്പൻ ആയാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന നിശ്ചയദാർഢ്യത്തിന്റെ പേരിലാണ്. അവരിലെ ആ പോരാട്ടവീര്യം , കണ്ണുകളിലെ തീ ഒക്കെ കണ്ടപ്പോള്‍ തോന്നി അവരോളം വലിയൊരു പോരാളിയായ മലയാളി സ്ത്രീ വേറെയില്ല എന്ന്. അത് തന്നെയാണ് അവരെ ഒരു ജനപ്രതിനിധി ആക്കിയതും.
ടി. പി എന്ന വിപ്ലവകാരിയോട് ആളുകള്‍ക്ക് തോന്നിയ ഒരു ഇഷ്ടം, ആ 51 വെട്ടുകളോട്, അത് ചെയ്തവന്മാരോട്, അതിന്റെ പിന്നില്‍ ഉണ്ടായിരുന്ന പ്രസ്ഥാനത്തോട് തോന്നിയ വെറുപ്പും ദേഷ്യവും ഒന്ന് കൊണ്ട് മാത്രം കിട്ടിയ എം എൽ എ സ്ഥാനമാണ് അത്. ആ അരും കൊല മനുഷ്യരുടെ മനസ്സില്‍ ഉണ്ടാക്കിയ ഇംപാക്ട് അത്രയ്ക്ക് വലുതായിരുന്നു. അത് കൊണ്ട് തന്നെ ഇന്നത്തെ വിവാഹചിത്രത്തില്‍ സ്പീക്കർക്ക് ഒപ്പം നില്ക്കുന്ന എം എൽ എ യുടെ ചിത്രം കാണുമ്പോള്‍ വല്ലാത്ത ഈർഷ്യ തോന്നുന്നു. എങ്ങനെ പറ്റുന്നു കെ കെ രമ, താങ്കള്‍ക്ക് ഷംസീർ എന്ന കമ്മ്യൂണിസ്റ്റ് സഖാവിന് ഒപ്പം ഇങ്ങനെ ചിരിച്ച് നില്ക്കുവാൻ?
സഖാവ് ഷംസീർ ടി പി ചന്ദ്രശേഖരൻ എന്ന കെ കെ രമയുടെ ഭർത്താവിനെ 51 വെട്ട് വെട്ടി കൊന്നവരെ ന്യായികരിക്കാൻ ഏറ്റവും മുന്നില്‍ നിന്ന ആളാണ്. ആ കൊലപാതകികളെ പരോളില്‍ ഇറക്കി അവരുടെ കല്യാണം നടത്തി കൊടുത്തതിലൂടെ ടി പി യുടെ ഓർമ്മകളെ പോലും 51 വെട്ട് വെട്ടിയ ആളാണ്. അത് ആര് മറന്നാലും നിങ്ങള്‍ മറക്കരുതായിരുന്നു മാഡം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൂടെ നിഴലായി നിന്ന് കെ കെ രമയെ അന്ന് സംരക്ഷിച്ച ചിലരെ, ഒരിക്കലും മറക്കാൻ പാടില്ലാത്ത ചിലരെ, ഉമ്മൻചാണ്ടി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഉമ്മൻചാണ്ടിയുടെ കൂടെ ആ കല്യാണ വേദിയിലേക്ക് മാഡം ആനയിക്കുമായിരുന്ന ചിലരെ ഈ വിവാഹത്തിന് വിളിക്കാൻ മറന്നു പോയി. എന്നാല്‍ കൊലയാളികളെ സംരക്ഷിച്ച, ആ കൊലയാളികളുടെ വിവാഹവേദിയില്‍ ചിരിച്ചു നിന്ന സഖാവ് ഷംസീറിനെ മറന്നില്ല. നല്ല കാര്യം!! അല്ലെങ്കിലും ഓർമകളുടെ മറവികള്‍ ആണല്ലോ ‘ ഷംസീറിനെ ആ വേദിയില്‍ എത്തിച്ചത്.



