
കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലസണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതി നാരായണ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.7 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്ബാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ 3 മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനും അന്തിമ റിപ്പോർട്ട് നല്കി 4 മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഷീല സണ്ണിയുടെ വാഹനത്തില്‍ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയും ബംഗളൂരുവിലെ വിദ്യാർത്ഥിനി ലിവിയ ജോസിൻ്റെ സുഹൃത്താണ് നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്ബ് ഷീലയുടെ ബാഗില്‍ വെച്ച ശേഷം നാരായണ ദാസ് വിവരം എക്സൈസിന് നല്‍കിയത്. മെഡിക്കല്‍ എക്സാമിനറുടെ പരാതിയില്‍ ഇത് വ്യാജ എല്‍എസ്ഡി സ്റ്റാമ്ബാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു.
റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. പിന്നീട് ഷീല സണ്ണി ജയിലില്‍ നിന്ന് പുറത്തിറങ്ങി. 72 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഇവർ പുറത്തിറങ്ങിയത്. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമാണ് സംഭവത്തില്‍ വ്യക്തത വന്നത്. ലിവിയ ജോസും നാരായണ ദാസും തമ്മിലുള്ള ബന്ധം വ്യക്തമായതോടെയാണ് ഇവരെ പ്രതിചേർത്തത്. എന്നാല്‍ തന്നെ ഷീല സണ്ണി മനപ്പൂർവം കുടുക്കുകയാണെന്നും തൻ്റെ അച്ഛനോടും അമ്മയോടും ഷീല സണ്ണി 10 ലക്ഷം ആവശ്യപ്പെട്ടതിനെ എതിർത്തതിലുള്ള പകയാണ് ഇതിന് പിന്നിലെന്നുമാണ് ലിവിയ ജോസ് ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമ്ബത്തിക തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ നാരായണ ദാസ് 28 ലക്ഷത്തിൻ്റെ വഞ്ചനാ കേസില്‍ പ്രതിയായിരിക്കെയാണ് ഷീല സണ്ണി കേസില്‍ പ്രതിചേർക്കപ്പെട്ടത്. പിന്നീട് ഇയാള്‍ ജില്ലാ കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്കി. ഇത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷയില്‍ ഇയാളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടില്ല. എന്നാല്‍ ഇയാളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടുമില്ല. പൊലീസ് കമ്മീഷണറുടെ അടക്കം വേഷത്തില്‍ ആള്‍മാറാട്ടം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്.



