
കോട്ടയം: പ്രശസ്ത സർജനും കോട്ടയം മെഡിക്കൽ കോളജിലെ ആദ്യ സൂപ്രണ്ടുമായ ഡോ. മാത്യു വർഗീസ് (94) വിട വാങ്ങി. മുന്നൂറോളം പാൻക്രിയാറ്റിക് സർജറികൾ. അതും സിടി സ്കാനോ എം ആർ ഐ ഓ ഇല്ലാതിരുന്ന കാലത്ത് എക്സ്-റേ മാത്രം ആശ്രയിച്ച് രോഗം നിർണയിച്ചിരുന്ന അതിവിദഗ്ധനായ സർജൻ.
ഡോ. മാത്യുവാണ് ലോകത്താദ്യമായി ട്രോപിക്കൽ കാൽകുലസ് ഓഫ് പാൻക്രിയാറ്റെറ്റിസ് എന്ന രോഗാവസ്ഥയെപ്പറ്റി ഒരു ശാസ്ത്രീയ പ്രബന്ധമവതരിപ്പിച്ചത്.
പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ കുരുടാമണ്ണിലായിരുന്നു ഡോ. മാത്യുവിന്റെ കുടുംബം. പിതാവ് പ്രഫസറായിരുന്നു. അദ്ദേഹം ആന്ധ്രാപ്രദേശിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ട് മാത്യുവിന്റെ കുട്ടിക്കാലവും അവിടെയായിരുന്നു. 1947ൽ മദ്രാസിലെ സ്റ്റാൻലി മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് ബിരുദം നേടിയ അദ്ദേഹം ഇംഗ്ലണ്ടിലാണ് എഫ്ആർസിഎസ് പൂർത്തിയാക്കിയത്. തുടർന്ന് കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി സർക്കാർ സർവീസിൽ ചേർന്നു. പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1968 ൽ കോട്ടയം മെഡിക്കൽ കോളജിൽ സൂപ്രണ്ടായി ചുമതലയേൽക്കുന്നതിനു മുൻപ് കോഴിക്കോട് മെഡിക്കൽ കോളജിലും സേവനമനുഷ്ഠിച്ചു. കോട്ടയം ജനറൽ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആർപ്പൂക്കരയിലെ പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതിനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. അതിവേഗം തീരുമാനങ്ങളെടുക്കാനുള്ള ഡോക്ടറുടെ കഴിവ് പ്രസിദ്ധമാണ്. മെഡിക്കൽ കോളജ് സൂപ്രണ്ടായിരിക്കെ അതു പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്.
85ൽ റിട്ടയർ ചെയ്ത മാത്യു വർഗീസ് പിജിഐ ഛത്തീസ്ഗഡ്, ഡൽഹി എയിംസ്, മദ്രാസ് സർവകശാല എന്നിവിടങ്ങളിലെ എക്സാമിനർ കൂടിയായിരുന്നു. 2011ൽ കേരളസർക്കാർ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു .2018 ൽ അസോസിയേഷൻ ഓഫ് സർജൻസ്, ഇന്ത്യ കേരള ചാപ്റ്റർ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ അവാർഡുകളും തേടിയെത്തി.
1986ൽ സർക്കാർ സർവീസിൽനിന്നു വിരമിച്ചു. ഭാര്യ: മേരിക്കുട്ടി. മക്കൾ: വർഗീസ് മാത്യു (യുഎസ്), ഇഎൻടി വിദഗ്ധനായ ഡോ. മാത്യു കുര്യൻ, സർജനായ ഡോ. മാത്യു ജോർജ് (യുഎസ്), സർജനായ ഡോ. ജോൺ മാത്യു (ഇംഗ്ലണ്ട്). മരുമക്കൾ: അനുപ (ആർക്കിടെക്ട് യുഎസ്), ഡോ.മിനി (പാത്തോളജിസ്റ്റ്– ഇംഗ്ലണ്ട്), മുന്ന (യുഎസ്), ഡോ.ക്ഷേമ (ഇംഗ്ലണ്ട്).