video
play-sharp-fill
ചേട്ടന്റെ കൈവിട്ട് ഒന്നര വയസുകാരൻ ഓടിയത് മരണത്തിലേയ്ക്ക്: ചെങ്ങളത്ത് തോട്ടിൽ വീണ് കാണാതായ ഒന്നര വയസുകാരൻ മരിച്ചു; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

ചേട്ടന്റെ കൈവിട്ട് ഒന്നര വയസുകാരൻ ഓടിയത് മരണത്തിലേയ്ക്ക്: ചെങ്ങളത്ത് തോട്ടിൽ വീണ് കാണാതായ ഒന്നര വയസുകാരൻ മരിച്ചു; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

സ്വന്തം ലേഖകൻ
കോട്ടയം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ചേട്ടന്റെ ശ്രദ്ധമാറിയപ്പോൾ അഭിനന്ദ് ഓടിമാറിയത് മരണത്തിലേയ്ക്ക്. പരിപ്പ് ചീപ്പുങ്കൽ വിരുത്തിക്കോട് അനീഷ് തോമസ്, രമ്യ അനീഷ് ദമ്പതികളുടെ മകൻ അഭിനന്ദാണ് വീടിനു സമീപത്തെ തോട്ടിൽ മുങ്ങി മരിച്ചത്.
വ്യാഴാഴച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കോട്ടയം നഗരത്തിൽ ഉഷസ് സ്റ്റുഡിയോയിൽ ലാമിനേഷൻ ജോലികൾ ചെയ്യുന്ന അനീഷിനും വീട്ടു ജോലികൾ ചെയ്യുന്ന രമ്യയ്ക്കും മൂന്നു കുട്ടികളാണ് ഉള്ളത്. ഇതിൽ ഏറ്റവും ഇളയ കുട്ടിയാണ് അഭിനന്ദ്.
രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മൂത്ത കുട്ടി അഭിനവും അഭിനന്ദും ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടു മുറ്റത്ത് കളിക്കുകയായിരുന്നു. ഈ സമയത്താണ് വീടിനുള്ളിലിരുന്ന് രണ്ടാമത്തെ സഹോദരി മൂന്നു വയസുകാരി അഭിനയ കരഞ്ഞത്. തുടർന്ന് അഭിനവ് അഭിനയെ എടുക്കാൻ വീടിനുള്ളിലേയ്ക്ക് കയറി. തിരികെ എത്തിയപ്പോൾ അഭിനന്ദിനെ കാണുന്നുണ്ടായിരുന്നില്ല. അഭിനവ് അമ്മയെ വിളിച്ച് കരഞ്ഞതോടെ അയൽവാസികളും, കുട്ടികളുടെ അമ്മയും ഓടിയെത്തി. അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ വീട്ടിൽ നിന്നു മീറ്ററുകൾ മുന്നിലേയ്ക്ക് മാറി പരിപ്പ് തൊള്ളായിരം തോട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളായാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന് വൈകിട്ട് മൂന്നുമണിയോടെ ചെങ്ങളം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും.