തിരുനെല്‍വേലിയില്‍ മെഡിക്കല്‍ മാലിന്യം തള്ളിയ സംഭവത്തിൽ കേരളത്തോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍
തിരുനെല്‍വേലി: തമിഴ്നാട് തിരുനെല്‍വേലിയില്‍ മെഡിക്കല്‍ മാലിന്യം തള്ളിയ സംഭവത്തില്‍ കേരളം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി തമിഴ്നാട് സർക്കാർ.രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിച്ച വിഷയത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കേസെടുത്തതിന് ശേഷമാണ് കുറ്റക്കാരെ പിടികൂടിയത്.ഹരിത ട്രൈബ്യൂണല്‍ ബെഞ്ചിന് മുന്നിലാണ് നഷ്ടപരിഹാരം വേണമെന്ന ആവശ്യം തമിഴ്‌നാട് ഉന്നയിച്ചത്.
മാലിന്യം തള്ളിയവർക്കെതിരെ കേരളം നോട്ടീസ് അയക്കുക മാത്രമാണ് ചെയ്തതെന്നും നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിശദീകരണം നല്‍കണമെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. കേസ് മാർച്ച് 24 ലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ എടുത്ത കേസില്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാനത്തിന് നേരെ വിമർശനം ഉണ്ടായിരുന്നു. ആര്‍സിസി ഉള്‍പ്പടെയുള്ളവയ്‌ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് ട്രിബ്യൂണല്‍ ചോദിച്ചു. കേരളത്തിലെ മെഡിക്കല്‍ മാലിന്യം തമിഴ്നാട്ടിലെ അതിര്‍ത്തികളില്‍ തള്ളേണ്ട ആവശ്യം എന്താണെന്നും ചോദ്യമുയര്‍ന്നിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാലിന്യം തള്ളിയ ആശുപത്രികള്‍ക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നും ട്രൈബ്യൂണല്‍ ദക്ഷിണ മേഖല ബെഞ്ച് ചോദിച്ചു.കേരളത്തില്‍ നിന്ന് ആശുപത്രികളിലെ മെഡിക്കല്‍ മാലിന്യങ്ങള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് തിരുനെല്‍വേലിയില്‍ നിക്ഷേപിച്ച സംഭവം വലിയ വാർത്തയായിരുന്നു.
കേസുകള്‍ രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ അറസ്റ്റിലായിരുന്നു. മാലിന്യം തള്ളിയതിനും പൊതുജനാരോഗ്യം ഹനിച്ചതിനുമുള്‍പ്പെടെ ഒന്നിലധികം കേസുകള്‍ നിലവില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.