സ്വന്തം ലേഖകൻ
ചിങ്ങവനം: എം.സി റോഡിൽ ചിങ്ങവനം പുത്തൻപാലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ സംഭവത്തിൽ പരിക്കേറ്റത് 53 യാത്രക്കാർക്ക്. ചിങ്ങവനം, കുറിച്ചി, ചങ്ങനാശേരി, പനച്ചിക്കാട് സ്വദേശികളാണ് അപകടത്തിൽ പരിക്കേറ്റവരിൽ ഏറെയും. അപകടത്തിൽ സാരമായി പരിക്കേറ്റ നാലു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. കുറിച്ചി എസ്.പുരം മുട്ടത്ത്കടവിൽ കേശവൻ (79), ആലപ്പുഴ കൈനകരി കായത്തറച്ചിറ മനീഷ് (30), പനച്ചിക്കാട് സ്വദേശി കൃഷ്ണപ്രിയ (22), മറിയപ്പള്ളി സ്വദേശി ശരണ്യ (33) എന്നിവരെയാണ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ എം.സി റോഡിൽ ട്രാവൻകൂർ ഇലക്ട്രോകെമിക്കൽസിനു മുന്നിലായിരുന്നു അപകടം.
ഇലക്ട്രോക്കെമിക്കൽസിനു മുന്നിലെ റോഡിലൂടെ ചങ്ങനാശേരി ഭാഗത്തു നിന്നും കോട്ടയത്തിന് വരികയായിരുന്നു ചാക്കോച്ചി എന്ന സ്വകാര്യബസ്. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബസ് റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് ഒടിച്ച ശേഷം ബസ് നിയന്ത്രണം ന്ഷടമായി റോഡരികിലേയ്ക്ക് തന്നെ മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ബസിന്റെ മുന്നിലെ ചക്രങ്ങൾ പ്ലേറ്റ് സഹിതം ഊരിത്തെറിച്ചു.
ബസിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർത്ത് അകത്തു കയറിയ നാട്ടുകാരാണ് പരിക്കേറ്റവരെ രക്ഷിച്ച് പുറത്തെത്തിച്ചത്. തുടർന്ന് ഇവരെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും ഗുരുതരപരിക്കേറ്റവരെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.