ഡിജിറ്റല്‍ റീസര്‍വേയിൽ ഭൂവിസ്തൃതിയിലെ വ്യത്യാസം; പുതിയ സെറ്റില്‍മെന്റ്‌ നിയമം വരും

Spread the love

കോട്ടയം: സംസ്ഥാനത്ത് ഡിജിറ്റല്‍ റീസർവേയില്‍ ഭൂമി അളവില്‍ മിക്കയിടത്തും വ്യത്യാസം കണ്ടെത്തി. ഡിജിറ്റല്‍ സർവേയില്‍ കണ്ടെത്തിയ ഭൂവിസ്തൃതിയും വില്ലേജ് രേഖകളിലേതും തമ്മില്‍ 40 ശതമാനം ഇടങ്ങളിലും പൊരുത്തക്കേട്.

 

വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലും വനാതിർത്തിയിലുമൊക്കെ ഈ വ്യത്യാസം കാണാൻ കഴിയുന്നുണ്ട്. വിസ്തീർണത്തിലെ വ്യത്യാസം ക്രമപ്പെടുത്തണമെങ്കില്‍ പുതിയ സെറ്റില്‍മെന്റ് നിയമം വരേണ്ടത് അവശ്യമാണ്. നിയമനിർമാണത്തിന് ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും നടപടി സങ്കീർണമായതിനാല്‍ വൈകും.

 

പത്തനംതിട്ട പെരുമ്പേട്ടിയില്‍ ബി.ടി.ആറില്‍ റിസർവ് ഫോറസ്റ്റ് എന്ന് രേഖപ്പെടുത്തിയ ലാൻഡ് പാഴ്സലുകള്‍ പരിേശാധിച്ചപ്പോള്‍ 1032 എണ്ണം വനത്തിന് പുറത്താണെന്ന് കണ്ടെത്തി. ഭൂമിയില്‍ വനംവകുപ്പ് അവകാശമുന്നയിച്ചതിനാല്‍ നാളുകളായി സമരം നടക്കുന്ന സ്ഥലമാണ് പെരുമ്പേട്ടി. സംസ്ഥാനത്ത് 249 വില്ലേജുകളില്‍ ഡിജിറ്റല്‍ സർവേ പൂർത്തിയായി. 179 വില്ലേജുകളില്‍ പുരോഗമിക്കുന്നു. രജിസ്ട്രേഷൻ, റവന്യു, സർവേ വകുപ്പുകളുടെ ഏകീകൃത പോർട്ടല്‍ ഡിജിറ്റല്‍ സർവേയുടെ അടിസ്ഥാനത്തിലാണ് വരുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിസ്ഥാനനികുതി രജിസ്റ്ററിലെ ഭൂമിയുടെ അളവും ഡിജിറ്റല്‍ സർവേയിലെ അളവും വ്യത്യാസപ്പെടുന്ന പ്രശ്നത്തില്‍ ശാശ്വതപരിഹാരത്തിനാണ് പുതിയ സെറ്റില്‍മെന്റ് നിയമം. ഇതിന് മുന്നോടിയായി റവന്യു, നിയമവകുപ്പുകള്‍ പ്രാരംഭചർച്ച നടത്തിക്കഴിഞ്ഞെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു.

 

ഡിജിറ്റല്‍ സർവേയില്‍ ഒരു വ്യക്തിക്ക് അധികഭൂമി കണ്ടെത്തിയാല്‍, മറ്റ് പരാതികളോ അവകാശവാദങ്ങളോ നിയമപ്രശ്നങ്ങളോ ഇല്ലെങ്കില്‍ നികുതി അടയ്ക്കാൻ ഉടമയ്ക്ക് അവസരം നല്‍കും. ഇതിനായി റവന്യൂ വകുപ്പ് ഉത്തരവിറക്കും. അടുത്തഘട്ടമായാണ് ഇത്തരം ഭൂമി ഉടമയ്ക്ക് കൈവശംവെക്കാൻ അനുമതി നല്‍കുന്ന സെറ്റില്‍മെന്റ് നിയമം കൊണ്ടുവരുന്നത്. തിരുക്കൊച്ചിയിലാണ് മുൻപ് സെറ്റില്‍മെന്റ് നിയമം വന്നത്. സംസ്ഥാനം നിലവില്‍ വന്നശേഷം ഇതുവരെ സെറ്റില്‍മെന്റ് നിയമം ഉണ്ടായിട്ടില്ല.