നടപ്പാതയില്‍ കെ.എസ്.ആര്‍.ടി.സി. അനധികൃതമായി നിര്‍മിച്ച ഷെഡ്ഡിലേക്ക് റെയില്‍വേയുടെ മതില്‍ ഇടിഞ്ഞുവീണു; വനിതാ കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love

തിരുവനന്തപുരം: തമ്പാനൂരില്‍ നടപ്പാതയില്‍ കെ.എസ്.ആര്‍.ടി.സി. അനധികൃതമായി നിര്‍മിച്ച ഷെഡ്ഡിലേക്ക് റെയില്‍വേയുടെ മതില്‍ ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസമാണ് സംഭവം. അപകടസമയത്ത് ഓഫീസിനുള്ളില്‍ വനിതാ കണ്ടക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാരുണ്ടായിരുന്നു.

മതിലിനോട് ചേര്‍ന്നുള്ള ചുമരിനടുത്തായി ഇരിപ്പിടത്തില്‍ ഇരിക്കുകയായിരുന്നു അവര്‍. ശബ്ദംകേട്ട് ഓടിമാറിയതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന ബൈക്ക്, സൈക്കിള്‍ എന്നിവയുടെ പുറത്തേക്കാണ് മതിലിടിഞ്ഞ് വീണത്. ‌‍

തമ്പാനൂരില്‍ റെയില്‍വേയുടെ പാഴ്സല്‍ ഓഫീസിന് മുന്നിലാണ് വഴിതടഞ്ഞുകൊണ്ടുള്ള കെ.എസ്.ആര്‍.ടി.സി. അനധികൃത ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍ലോക്ക് പാകിയ നടപ്പാത കൈയേറി നിയമംലംഘിച്ച് കാബിനുകളും നിര്‍മിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ കാല്‍നടക്കാര്‍ റോഡിന് നടുവിലൂടെ നടക്കേണ്ട അവസ്ഥയാണ്. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, പൂവാര്‍, പെരുമാതുറ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഓര്‍ഡിനറി ബസുകളും ഫാസ്റ്റ് ബസുകളും ഇവിടെനിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്.

പലപ്പോഴും നിരവധി സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ ഇതിനു മുന്നിലായി നിര്‍ത്തിയിടുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഇതിനിടയിലൂടെയാണ് യാത്രക്കാര്‍ റോഡ് മുറിച്ചു കടക്കേണ്ടത്. അനധികൃതമായി റോഡ് കൈയേറി ബസ് ഷെഡ്ഡ് പ്രവര്‍ത്തിക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു.