വാട്ടർതീം പാർക്കിൽ കുട്ടികൾക്കൊപ്പമെത്തിയ അധ്യാപികയോട് അപമര്യാദയായി പെരുമാറി; ചോദ്യംചെയ്ത അധ്യാപകനെ ആക്രമിച്ചു; സംഭവത്തിൽ അഞ്ചുപേർ പിടിയിൽ

Spread the love

ചാലക്കുടി: വാട്ടർതീം പാർക്കിൽ കുട്ടികൾക്കൊപ്പമെത്തിയ അധ്യാപികയോട് അപമര്യാദയായി പെരുമാറുകയും ഇത് ചോദ്യംചെയ്ത അധ്യാപകനെ ആക്രമിക്കുകയും ചെയ്ത ഒറ്റപ്പാലം സ്വദേശികളായ അഞ്ചുപേരെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.

വല്ലപ്പുഴ മഠത്തിൽ ഉമ്മർ ഷാഫി(28), വെളുത്താക്കത്തൊടി റാഷിഖ് (41), കൊങ്ങശ്ശേരി റഫീഖ് (41), ശങ്കരത്തൊടി ഇബ്രാഹിം (39), മഠത്തിൽ മുബഷീർ (32) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം നെടിയിരിപ്പ് എം.എം.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളുമായാണ് കഴിഞ്ഞ ദിവസം അധ്യാപകർ വാട്ടർതീം പാർക്കിലെത്തിയത്.

അധ്യാപിക മൊബൈൽഫോണിൽ സംസാരിച്ച് കുട്ടികൾക്കൊപ്പം നിൽക്കുമ്പോൾ പ്രതികളിലൊരാൾ അശ്ലീലമായി സംസാരിച്ചതായാണ് പരാതി. ഇതറിഞ്ഞ സഹഅധ്യാപൻ പ്രണവ്‌ ഇക്കാര്യം ചോദ്യം ചെയ്തതോടെ ഇവർ തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം സംഘത്തിലെ ഒരാൾ ഇടതുകൈയിൽ ധരിച്ചിരുന്ന മോതിരംകൊണ്ട് പ്രണവിന്റെ മൂക്കിലിടിക്കുകയും ചെയ്തു. ഇടികൊണ്ട് അധ്യാപകന്റെ മൂക്കിലെ എല്ല് പൊട്ടിയിട്ടുണ്ട്. ഇതിനിടയിൽ പ്രതികളുടെ ഫോട്ടോ മൊബൈലിൽ എടുത്ത അധ്യാപികയുടെ കൈയിൽക്കയറിപ്പിടിച്ച് ഫോൺ തട്ടിക്കളഞ്ഞതായും പരാതിയുണ്ട്. വാട്ടർതീം പാർക്ക് അധികാരികളുടെ പരാതിയെത്തുടർന്ന് പോലീസെത്തി അന്വേഷണം നടത്തി. തുടർന്നാണ് അറസ്റ്റ് നടന്നത്.