
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും.അവസാന ദിവസം പത്ത് മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം .നാലാം ദിവസത്തെ മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ അപ്രതീക്ഷിത മുന്നേറ്റത്തോടെ തൃശ്ശൂര്‍ ഒന്നാമതെത്തി.
965 പോയിന്റ് നേടിയാണ് നാലാം ദിനം തൃശ്ശൂര്‍ മുന്നിലെത്തിയത്. 961 പോയിന്റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമാണ്. 959 പോയിന്റോടെ കോഴിക്കോടാണ് മൂന്നാമത്.
പാലക്കാട് ഗുരുകുലം എച്ച്‌എസ്‌എസ് 166 പോയിന്റോടെ സ്‌കൂള്‍ വിഭാഗത്തില്‍ ബഹുദൂരം മുന്നിലാണ്. വഴുതക്കാട് കാര്‍മല്‍ എച്ച്‌എസ്‌എസ് 116 പോയിന്റോടെ രണ്ടാം സ്ഥാനത്തും എംജിഎംഎച്ച്‌എസ്‌എസ് മാനന്തവാടി 101 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ നാലാം ദിനം അവസാനിക്കുമ്പോള്‍ ആകെയുള്ള 249 ഇനങ്ങളില്‍ 239 എണ്ണം പൂര്‍ത്തിയായി. ഹൈസ്‌കൂള്‍ പൊതുവിഭാഗത്തില്‍96,ഹയര്‍ സെക്കന്‍ഡറി പൊതുവിഭാഗത്തില്‍ 105, ഹൈസ്‌കൂള്‍ അറബിക് വിഭാഗത്തില്‍ 19, ഹൈസ്‌കൂള്‍ സംസ്‌കൃത വിഭാഗത്തില്‍ 19 ഇനങ്ങള്‍ വീതമാണ് പൂര്‍ത്തിയായിരിക്കുന്നത്.
അവസാന ദിനത്തില്‍ നടക്കാനിരിക്കുന്ന പത്ത് മത്സര ഫലങ്ങള്‍ ഇതോടെ നിര്‍ണ്ണായകമായിരിക്കുകയാണ്. നാടോടിനൃത്തം, കേരളനടനം, കഥാപ്രസംഗം, വഞ്ചിപ്പാട്ട്, വയലിന്‍ തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന മത്സരങ്ങള്‍. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.