കാലിന് വേദനയാണെന്നും നടക്കാൻ ബുദ്ധിമുട്ടാണെന്നും പറഞ്ഞിട്ട് കേട്ടില്ല, നടന്ന് കാണിക്കാനും വീഡിയോ എടുക്കാമെന്നും പറഞ്ഞ് ഊബർ ഓട്ടോയിൽനിന്ന് ഇറക്കിവിട്ടു; യുവതിയുടെ പരാതിയിൽ ഓട്ടോ ഡ്രൈവർമാരിൽ നിന്ന് പൊലീസ് പിഴ ഈടാക്കി

Spread the love

കഴക്കൂട്ടം: ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങാൻ ഊബർ ഓട്ടോ വിളിച്ച യുവതിയെ ഓട്ടോയിൽ നിന്ന് ഇറക്കിവിട്ട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ. കഴക്കൂട്ടത്താണ് സംഭവം. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഓട്ടോ ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കി.

കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്ക് മുന്നിലാണ് സംഭവം. കാലിലെ നീരിന് ചികിത്സ തേടിയാണ് യുവതി ആശുപത്രിയിൽ എത്തിയത്. ടെക്നോ പാർക്ക് ജീവനക്കാരിയാണ് യുവതി. ചികിത്സയ്ക്ക് ശേഷം തിരികെ വീട്ടിലേക്ക് പോകാൻ ഊബർ ആപ്പിലാണ് ഓട്ടോ ബുക്ക് ചെയ്തത്.

എന്നാൽ, ഓട്ടോയിൽ കയറിയ യുവതിയെ ആശുപത്രിക്ക് മുന്നിലെ ഓട്ടോ സ്റ്റാന്‍റിലെ മൂന്ന് ഡ്രൈവർമാർ നിർബന്ധിച്ച് ഇറക്കി വിടുകയായിരുന്നു. ഓട്ടോ സ്റ്റാൻഡ് ഉണ്ടായിട്ടും ഊബറിൽ ഓട്ടോ ബുക്ക് ചെയ്തതായിരുന്നു പ്രകോപനം. കാലിന് വേദനയാണെന്നും നടക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞപ്പോൾ നടന്ന് കാണിക്കാനും വീഡിയോ എടുക്കാമെന്നും ഊബർ ഓട്ടോ തടഞ്ഞവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരെങ്കിലും ചോദിച്ചാൽ കാല് വയ്യാത്തതിനാലാണ് ഊബറിൽ പോയതെന്ന് വിശദമാക്കാനാണ് ഇതെന്നുമായിരുന്നു ഓട്ടോ തടഞ്ഞ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരുടെ പ്രതികരണം. എന്തായാലും ഓട്ടം പോകാൻ പറ്റില്ലെന്നും തങ്ങളുടെ ഓട്ടോയിൽ പോയാ മതിയെന്നും ഓട്ടോ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയതോടെ യുവതി ഭർത്താവിനെ വിളിക്കുകയായിരുന്നു.