വനിതാ പോലീസുകാർ ഉൾപ്പെടെ 3 പോലീസുകാരോട് മോശമായി പെരുമാറുകയും, വീഡിയോ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുകയും, ട്രാഫിക് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു; പോലീസിനെ ആക്രമിച്ച് വയർലെസ് സെറ്റ് തകർത്ത കേസിൽ ജാമ്യം കിട്ടിയ യുവാവിനെതിരെ വീണ്ടും കേസ്

Spread the love

എരുമേലി: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ ആക്രമിച്ച്‌ വയർലെസ് സെറ്റ് തകർത്തെന്ന കേസില്‍ അറസ്റ്റിലായി റിമാൻഡ് തടവിലാവുകയും സംഭവത്തിന്‍റെ വീഡിയോ ദൃശ്യം പരിശോധിച്ച്‌ കോടതി ജാമ്യം നല്‍കുകയും ചെയ്ത യുവാവിനെതിരെ സമാനമായ മറ്റൊരു കേസെടുത്തു എരുമേലി പോലീസ്.

മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി നെല്ലോലപൊയ്ക ഷിജോ ജോസിനെതിരെ ആണ് വീണ്ടും കേസെടുത്തത്.

പോലീസുകാരനെ ആക്രമിച്ചെന്ന കേസിന്‍റെ സംഭവം ഉണ്ടായതിന്‍റെ തലേ ദിവസം ഇതേസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പോലീസുകാർ ഉള്‍പ്പടെ മൂന്ന് പോലീസുകാരോട് മോശമായി പെരുമാറുകയും ഇവരുടെ വീഡിയോ ദൃശ്യം മൊബൈല്‍ ഫോണില്‍ പകർത്തുകയും ട്രാഫിക് ഡ്യൂട്ടി തടസപ്പെടുത്തിയെന്നും ആണ് കേസ്. സിവില്‍ പോലീസ് ഓഫീസർ രാംകുമാർ നല്‍കിയ പരാതിയെ തുടർന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞയിടെ എരുമേലി ടൗണില്‍ പെട്രോള്‍ പമ്ബിന് സമീപത്ത് വച്ച്‌ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനായ സി.കെ. അഭിലാഷിനെ ആക്രമിച്ചെന്ന കേസിലാണ് ഷിജോ അറസ്റ്റിലാവുകയും റിമാൻഡ് തടവില്‍ ഒരു ദിവസം കഴിഞ്ഞ ശേഷം കോടതിയില്‍ സംഭവത്തിന്‍റെ വീഡിയോ ദൃശ്യം മുൻനിർത്തി ജാമ്യം നേടുകയും ചെയ്തത്.

പോലീസിനെ ആക്രമിച്ചെന്ന കേസ് തെറ്റാണെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ആയിരുന്നു വീഡിയോയില്‍. ഈ കേസ് കള്ളക്കേസ് ആണെന്ന് ഷിജോ നല്‍കിയ പരാതിയില്‍ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ സമാനമായ മറ്റൊരു കേസ് കൂടി എടുത്തിരിക്കുന്നത്.