ചോറ്റാനിക്കരയിൽ ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽ അസ്ഥികഷ്ണങ്ങൾ കണ്ടെത്തിയ സംഭവം: മനുഷ്യന്‍റെ തലയോട്ടിയിലും എല്ലിൻ കഷണങ്ങളിലും പ്രത്യേക രീതിയിലുള്ള മാർക്കിംങ്ങുകൾ
തൃപ്പൂണിത്തുറ: ചോറ്റാനിക്കര പാലസ് സ്ക്വയറിലെ ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽനിന്ന് കണ്ടെത്തിയ മനുഷ്യന്‍റെ തലയോട്ടിയിലും എല്ലിൻ കഷണങ്ങളിലും പ്രത്യേക രീതിയിലുള്ള മാർക്കിംങ്ങുകൾ.
ലാബ് ആവശ്യങ്ങൾക്കും മറ്റുമുള്ള രീതിയിലുള്ളതാണ് ഈ മാർക്കിങ്ങുകളെന്ന് കരുതുന്നുവെന്നും ഫോറൻസിക് പരിശോധനക്ക് ഇന്ന് കൈമാറുമെന്നും ചോറ്റാനിക്കര സി.ഐ മനോജ് പറഞ്ഞു. വൈറ്റിലയിൽ താമസിക്കുന്ന ഡോ. ഫിലിപ് ജോണിന്‍റെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികമായി ആൾത്താമസമില്ലാത്ത വീട്ടിലാണ് സംഭവം.
അസ്ഥികൂടം എങ്ങനെയാണ് എത്തിയതെന്ന് അറിയില്ലെന്നും മാർച്ചിൽ വീട് പൊളിച്ച് പുതിയ പ്രോജക്ട് തുടങ്ങാനിരിക്കുകയായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു. കസ്റ്റഡിയിലെടുത്ത അസ്ഥിക്കഷണങ്ങളുടെ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പൊലീസ് സംഘം സൂക്ഷിച്ചിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡി.എൻ.എ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനകൾക്ക് ശേഷമേ അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്‍റേതാണോയെന്ന് തിരിച്ചറിയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. 14 ഏക്കർ വരുന്ന വീട്ടുവളപ്പ് കാടുമൂടിയ നിലയിലും വീട്ടിൽ ചിതൽപുറ്റുകളും മറ്റും വളർന്നുകയറിയ അവസ്ഥയിലുമായിരുന്നു.
സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന ഇവിടെ തിങ്കളാഴ്ച രാവിലെയും സംഘം ചേർന്ന് മദ്യപാനം നടന്നിരുന്നു. ഇവിടെ സാമൂഹ്യവിരുദ്ധർ താവളമാക്കുന്നതായി ഗ്രാമസഭകളിൽ ഉൾപ്പെടെ പരാതിയും വന്നു. പുതുവർഷ ദിനത്തിൽ നിരവധിപേർ വന്നുപോകുന്നത് ശ്രദ്ധയിൽപെട്ടതോടെ വാർഡ് മെംബർ പൊലീസിലും എക്സൈസിലും പരാതി നൽകി.
തുടർന്ന്, തിങ്കളാഴ്ച വൈകീട്ടോടെ ചോറ്റാനിക്കര പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യ അസ്ഥികൂടത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്. വീടിന്‍റെ തുറന്നുകിടന്ന വാതിലിൽക്കൂടി അകത്തുകടന്ന പൊലീസ് സംഘം ഉപയോഗശൂന്യമായി കിടന്നിരുന്ന ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോഴാണ് ബിഗ് ഷോപ്പർപോലെയുള്ള കവറിനുള്ളിൽ ചെറിയ പ്ലാസ്റ്റിക് കിറ്റുകളിലായി സൂക്ഷിച്ചനിലയിൽ മനുഷ്യന്‍റെ തലയോട്ടിയും കൈയുടെയും പാദത്തിന്‍റെയും അസ്ഥികളും എല്ലിൻ കഷണങ്ങളും കണ്ടെത്തിയത്.