പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പോക്സോ കേസിൽ 52 കാരന് 240 വർഷം കഠിന തടവും 16,50,000 രൂപ പിഴയും
തൃശൂര്‍: പോക്‌സോ കേസില്‍ 130 വര്‍ഷം തടവ് ലഭിച്ച പ്രതിക്ക് മറ്റൊരു കേസില്‍ 110 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി ഒരുമനയൂര്‍ സ്വദേശി മുത്തമ്മാവ് മാങ്ങാടി വീട്ടില്‍ കുഞ്ഞപ്പു മകന്‍ സജീവ(52) നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. 7,75,000 രൂപ പിഴ അടയ്ക്കണം.
പിഴ അടയ്ക്കാത്തപക്ഷം 31 മാസം കൂടി അധിക തടവ് അനുഭവിക്കണം. കൂടാതെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കുട്ടികള്‍ക്ക് മതിയായ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാനും പ്രതിയില്‍നിന്ന് ഈടാക്കുന്ന പിഴ തുക കുട്ടികള്‍ക്ക് നല്‍കാനും വിധിച്ചിട്ടുണ്ട്. ഈ കുട്ടിയുടെ കൂട്ടുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് കഴിഞ്ഞ ദിവസം 130 വര്‍ഷം കഠിനതടവും 8,75,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു.
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രതി പീഡനത്തിന് ഇരയാക്കിയ വിവരം കുട്ടികള്‍ വീട്ടില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ ചാവക്കാട് സ്റ്റേഷനില്‍ പരാതി നല്‍കി. ചാവക്കാട് പോലീസ് സ്റ്റേഷനിലെ ജി.എസ്.സി.പി.ഒ. എ.കെ. ഷൗജത്ത്, എസ്.ഐ. വി.എം. ഷാജു, സബ് ഇന്‍സ്‌പെക്ടര്‍ സെസില്‍ ക്രിസ്റ്റ്യന്‍ രാജ്, ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. വിപിന്‍ കെ. വേണുഗോപാല്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസില്‍ പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി. സി.പി.ഒമാരായ സിന്ധു, പ്രസീത എന്നിവര്‍ സഹായിച്ചു.