ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും കൊല്‍ക്കത്തിയില്‍ ഒരു കുട്ടിക്കും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു ; രാജ്യത്തെ രോഗബാധിതരുടെ എണ്ണം ആറായി ; പനി ബാധിതരായി എത്തിയ കുട്ടികൾക്ക് ശ്വാസ തടസം നേരിട്ടതോടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
ചെന്നൈ: ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും കൊല്‍ക്കത്തിയില്‍ ഒരു കുട്ടിക്കും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് രോഗബാധ. ഇതോടെ രാജ്യത്തെ രോബാധിതരുടെ എണ്ണം ആറായി.
പനി ബാധിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ശ്വാസ തടസം നേരിട്ടതോടെ നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. കൊല്‍ക്കത്തയില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്എംപിവി വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ കര്‍ണാടകയിലും ഹൈദരബാദിലും കുട്ടികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, രാജ്യത്തെ എച്ച്എംപിവി വ്യാപനത്തില്‍ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഒരു പുതിയ വൈറസ് അല്ലെന്നും ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടും ഇതിനകം രോഗം കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്‍ഫ്ളുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ള എച്ച്എംപിവി കേസുകളില്‍ അസാധാരണമായ ഒരു വര്‍ധനയും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലും ഗുജറാത്തിലുമായി ഇതുവരെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ രാജ്യങ്ങളില്‍ എച്ച്എംപിവിയുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ഐസിഎംആറിന്റെയും ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം നെറ്റ്വര്‍ക്കിന്റെയും നിലവിലെ ഡാറ്റയുടെ അടിസ്ഥാനത്തില്‍, രാജ്യത്ത് ഇന്‍ഫ്ലുവന്‍സ പോലുള്ള അസുഖങ്ങള്‍ അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ കേസുകള്‍ എന്നിവയില്‍ അസാധാരണമായ ഒരു വര്‍ധനയും ഉണ്ടായിട്ടില്ല. കര്‍ണാടകയില്‍ രോഗബാധിതരായ രണ്ടുപേര്‍ക്കും വിദേശ യാത്രാ ചരിത്രമില്ലെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി.