സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ് പാസ്സിംഗ് ഔട്ട്‌ പരേഡിൽ മന്ത്രി വീണാ ജോർജ്ജ് സല്യൂട്ട് സ്വീകരിച്ചു 

Spread the love

പത്തനംതിട്ട : എസ് പി സി പദ്ധതിയുടെ ഭാഗമായ രണ്ട് വര്‍ഷ പരിശീലനകാലയള (2022-24)വിന് ശേഷമുള്ള പാസിങ് ഔട്ട്‌ പരേഡിൽ സംസ്ഥാന ആരോഗ്യ വനിത ശിശു വികസന വകുപ്പ്‌ മന്ത്രി വീണ ജോര്‍ജ്ജ് സല്യൂട്ട് സ്വീകരിച്ചു. ഇന്ന് പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജ്‌ ഗ്രൗണ്ടിലാണ് ജില്ലയിലെ എസ് പി സി സീനിയര്‍ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട്‌ പരേഡ് നടന്നത്. മന്ത്രി ഇതാദ്യമായാണ് എസ് പി സി യുടെ പരേഡിൽ പങ്കെടുത്ത് സന്ദേശം നൽകുന്നത്.

പരിശീലനത്തിലൂടെ സ്വായത്തമാക്കിയ കഴിവുകള്‍ ഇന്നത്തെ പരേഡിലെ കേഡറ്റുകളുടെ ഓരോ ചലനത്തിലും കാണാൻ സാധിക്കുമെന്നും, ദേശീയ സംസ്ഥാന തലങ്ങളില്‍ നടക്കുന്ന പരേഡുകളുടെ നിലവാരത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കേഡറ്റുകള്‍ നടത്തിയിട്ടുള്ളതെന്നും, കുട്ടികളെ ഇത്തരത്തിൽ പരിശീലിപ്പിച്ച അദ്ധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും പ്രത്യേകപ്രശംസ അർഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം, അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ടും എസ്.പി.സി പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറുമായ ആർ ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേഡറ്റുകളെ പരിശീലിപ്പിച്ച് പരേഡിൽ പങ്കെടുപ്പിച്ചത്. എസ്പിസിയുടെ ചുമതലയുള്ള എസ് എച്ച് ഓമാര്‍, സ്കൂൾ പ്രിന്‍സിപ്പില്‍മാര്‍, എസ്പിസി യുടെ ചുമതലയുള്ള അധ്യാപകര്‍, ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ ജി സുരേഷ് കുമാർ തുടങ്ങിയവരടങ്ങുന്ന ടീമാണ് പരിശീലനം ഏകോപിപ്പിച്ചത്. പരേഡിനെപ്പറ്റിയും മറ്റും, എസ് പി സിയുടെ ജില്ലയിലെ നടത്തിപ്പിനെ സംബന്ധിച്ചും മന്ത്രി മികച്ച അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ 6 ഹയർ സെക്കന്ററി സ്കൂളുകളിലെ ( ജി എച്ച് എസ് എസ് പത്തനംതിട്ട , എസ് എൻ വി എച്ച് എസ് എസ് അങ്ങാടിക്കൽ , പി എസ് വി പി എം എച്ച് എസ് എസ് ഐരവൺ , എ.എം എം എച്ച് എസ് എസ് ഇടയാറന്മുള, ജി എച്ച് എസ് എസ് തോട്ടക്കോണം, മാർത്തോമ എച്ച് എസ് എസ് , പത്തനംതിട്ട), ഒരു ഹൈസ്കൂളിലെയും (എം ആർ എസ് വടശ്ശേരിക്കര ) സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. ബാൻഡ് സംഘം ഉൾപ്പെടെ 290 കുട്ടികൾ (ആൺകുട്ടികൾ 155, പെൺകുട്ടികൾ 135) പങ്കെടുത്തു. വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ എസ്.പി.സി ബാന്‍ഡ്‌ സംഘം ‘ബാന്‍ഡ്‌ ഡിസ് പ്ലേ ‘ അവതരിപ്പിച്ചു. സ്കൂളുകൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു.

ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ റ്റി സക്കീര്‍ ഹുസൈന്‍, പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാര്‍, ജില്ലാ ട്രൈബല്‍ വികസന വകുപ്പ് ഓഫീസര്‍ എ നിസാര്‍, എസ്പിസി ജില്ലാ അസ്സിസ്റ്റന്റ് നോഡൽ ഓഫീസർ ജി സുരേഷ് കുമാര്‍,പരേഡില്‍ പങ്കെടുത്ത സ്കൂളുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.