പുതുവത്സര ദിനത്തിൽ വാഹനാപകടം : ബാഗ്ലൂരിൽ എട്ടുപേര്‍ക്ക് പുതുജീവനേകി മലയാളി വിദ്യാര്‍ത്ഥി അലൻ അനുരാജ് യാത്രയായി

Spread the love

ബംഗളൂരു : പുതുവര്‍ഷ ദിനം ബെംഗളൂരുവില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും.

ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങള്‍ കര്‍ണാടകയിലെ വിവിധ ആശുപത്രികള്‍ക്ക് കൈമാറി.

മരണാനന്തര അവയവദാനത്തിന് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ‘ജീവസാര്‍ത്ഥകത്തേ’യുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്. തീവ്ര ദു:ഖത്തിലും മറ്റൊരു സംസ്ഥാനത്ത് നിന്ന് മരണാനന്തര അവയവദാനത്തിന് തയ്യാറായി എട്ട് പേര്‍ക്ക് പുതു ജീവന്‍ നല്‍കാന്‍ സന്നദ്ധരായ അലന്റെ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം പുത്തന്‍വേലിക്കര സ്വദേശിയായ അനുരാജ് തോമസിന്റെയും ബിനി അനുരാജിന്റെയും മകനായ അലന്‍ അനുരാജ് (19 വയസ്), ബെംഗളൂരു സപ്തഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച്‌ സെന്ററില്‍ ഫിസിയോതെറാപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. 2025 ജനുവരി ഒന്നിന് ബെംഗളൂരുവില്‍ വെച്ച്‌ നടന്ന ബൈക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് യശ്വന്ത്പൂര്‍ സ്പര്‍ശ് ആശുപത്രിയില്‍ വെച്ച്‌ മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന്, അലന്റെ കുടുംബം അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു. അമല്‍, ആല്‍വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. പുത്തന്‍വേലിക്കര മാളവന സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ജനുവരി അഞ്ച് വൈകീട്ട് നാലിന് അലന്റെ സംസ്‌കാരം നടക്കും.