
കല്ലടയ്ക്ക് എട്ടിന്റെ പണിയുമായി സർക്കാർ: പെർമിറ്റ് സസ്പെന്റ് ചെയ്യും: ജീവനക്കാർ അറസ്റ്റിൽ; ഉടമയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യും
സ്വന്തം ലേഖകൻ
കൊച്ചി: യാത്രക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിച്ചതച്ച കല്ലട ബസ് ജീവനക്കാർക്കെതിരെ മോട്ടോർ വാഹന വകുപ്പും സർക്കാരും നടപടി തുടങ്ങി. ബസിന്റെ പെർമിറ്റ് സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹി അറിയിച്ചു. ജീവനക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബസ് ഉടമയ്ക്കെതിരെയും ജീവനക്കാർക്കെതിരെയും പരാതി വ്യാപകമായതോടെയാണ് നടപടിയ്ക്ക് സർക്കാർ നിർദേശം നൽകിയത്. ജീവനക്കാരെ മർദിക്കുന്നതായി വീഡിയോയിൽ കണ്ട ജീവനക്കാർക്കെതിരെയാണ് ഇപ്പോൾ നടപടി ആരംഭിച്ചിരിക്കുന്നത്. ഇതിൽ രണ്ടു പേരെ എറണാകുളത്ത് പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ബസ് സ്റ്റേഷനിൽ ഹാജരാക്കാൻ ഉടമകൾക്ക് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. മർദനമേറ്റവരുടെ മൊഴി എടുത്ത ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും പോലീസ് അറിയിച്ചു.
മരട് സ്റ്റേഷനിൽ ബസ് എത്തിക്കാനാണ് പോലീസ് നൽകിയിരിക്കുന്ന നിർദേശം. ബസ് ബെംഗളൂരുവിലാണെന്നാണ് ഉടമകൾ പോലീസിന് നൽകിയ വിശദീകരണം. എങ്കിലും എത്രയും പെട്ടെന്ന് ബസ് പോലീസ് സ്റ്റേഷനിൽ എത്തിക്കാനാണ് നിർദേശം. മർദനമേറ്റ വിദ്യാർഥികളുടെ കൂടെ മൊഴിയെടുത്ത ശേഷം കൂടുതൽ ശക്തമായ വകുപ്പുകൾ ചേർക്കാനാണ് പോലീസ് നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാർ മർദിച്ച് ബസിൽനിന്ന് ഇറക്കിവിട്ടത്. ബസിൽ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കൾക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്. ശനിയാഴ്ച അർധരാത്രിയിലായിരുന്നു സംഭവം.
തിരുവനന്തപുരത്തുനിന്ന് ബസ് ഹരിപ്പാട്ടെത്തിയപ്പോൾ തകരാറിലാകുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നപ്പോൾ യാത്രക്കാരായ യുവാക്കൾ ഇത് ചോദ്യം ചെയ്തു. ഇത് തർക്കത്തിന് കാരണമായി. ഹരിപ്പാട് പോലീസെത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ച് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാൻ സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും രണ്ടര മണിക്കൂർ പിന്നിട്ടിരുന്നു.
ബസ് വൈറ്റിലയിലെത്തിയപ്പോൾ ബസ് ഏജൻസിയുടെ വൈറ്റിലയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെത്തി ബസിൽ കയറി യുവാക്കളെ മർദിക്കുകയും ഇറക്കി വിടുകയുമായിരുന്നു.