video
play-sharp-fill
കേരളത്തിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 100 ശതമാനം സെക്യൂരിറ്റി ഉണ്ടെങ്കില്‍ മാത്രമേ ലോണ്‍ കൊടുക്കൂ: ഒരു ഗാരന്റിയുമില്ലാതെ റിലയൻസിന് 60 കോടി വായ്പ നൽകി കെ.എഫ്.സി: സർക്കാരിന് 101 കോടി നഷ്ടമെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്: ഭരണത്തിലുള്ളവർ കമ്മീഷനടിച്ചെന്നും വി.ഡി.സതീശൻ.

കേരളത്തിലെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 100 ശതമാനം സെക്യൂരിറ്റി ഉണ്ടെങ്കില്‍ മാത്രമേ ലോണ്‍ കൊടുക്കൂ: ഒരു ഗാരന്റിയുമില്ലാതെ റിലയൻസിന് 60 കോടി വായ്പ നൽകി കെ.എഫ്.സി: സർക്കാരിന് 101 കോടി നഷ്ടമെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ്: ഭരണത്തിലുള്ളവർ കമ്മീഷനടിച്ചെന്നും വി.ഡി.സതീശൻ.

തിരുവനന്തപുരം: ധീരുഭായ് അംബാനിയുടെ മക്കളായ മുകേഷ് അംബാനിയും അനില്‍ അംബാനിയും ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ പട്ടികയിലുള്ളവരാണ്.
അച്ഛന്‍ മരിച്ചപ്പോള്‍ സ്വത്തു തര്‍ക്കവും തമ്മില്‍കലഹവുമായി അനിലും മുകേഷും വലിയ വാര്‍ത്താ താരങ്ങളുമായിരുന്നു. എന്നാലിപ്പോള്‍ മുകേഷ് അംബാനിയാണ് തിളങ്ങി നില്‍ക്കുന്നത്. അനില്‍ അംബാനിയുടെ ബിസിനസ്സൊക്കെ പൊട്ടിപ്പൊളിഞ്ഞെന്നും വാര്‍ത്തകളുണ്ടായിരുന്നു. അംബാനി കുടുംബത്തിന്റെ കഥ പറയാന്‍ കാരണമായത്, കേരളത്തിന്റെ ഭരണാധികാരികളുടെ പിടിപ്പുകേടിന്റെ കാര്യം പറയാനുള്ളതു കൊണ്ടാണ്. അംബാനി കുടുംബത്തെ സഹായിക്കാന്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ നടത്തിയ വഴിവിട്ട ഇടപെടലാണ്.

അതും കേരളം മൂക്കറ്റം വെള്ളം കയറി ശ്വാസം മുട്ടി നില്‍ക്കുമ്പോള്‍. 2018ല്‍ അനില്‍ അംബാനിയുടെ കമ്പനിയായ റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്ന കമ്പനിയില്‍ 60.80 കോടി രൂപയാണ് കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഇന്‍വെസ്റ്റ് ചെയ്തത്. ഇത്രയും തുക, കേരളത്തിന്റെ വെള്ളപ്പൊക്ക സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അനുമതിയോ, ധനവകുപ്പിന്റെ പ്രത്യേക അനുമതിയോ ഇല്ലാതെ ഇന്‍വെസ്റ്റ് ചെയ്യാനാകില്ല. മാത്രമല്ല, അത്രയും തുക ഇന്‍വെസ്റ്റ് ചെയ്യാന്‍ കേരളം ധകാര്യ മാനേജ്‌മെന്റില്‍ പെര്‍ഫെക്ടും, സാമ്പത്തിക സുസ്ഥിരതയും ഉള്ള സംസ്ഥാനമല്ല.

എന്തിനും ഏതിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുകയും, കേന്ദ്രത്തിന്റെ സഹായത്തിലും, കടമെടുത്തും, പുറമെ നിന്നും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചും, ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നും വായ്പ എടുത്തുമൊക്കെയാണ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. ഈ സാഹചര്യത്തില്‍ അനില്‍ അംബാനിയുടെ കമ്പനിയെ സഹായിക്കാനുണ്ടായ ചേതോ വികാരം ഉണര്‍ന്നതെങ്ങനെ എന്നതാണ് അറിയേണ്ടത്. ഓഖിയും, രണ്ടു പ്രളയങ്ങളും. നിപ്പയും കോവിഡുമെല്ലാം കേരളത്തെ വരിഞ്ഞു മുറുക്കുമ്പോള്‍ സര്‍ക്കാര്‍ ചെയ്തത്, പിരിവെടുക്കലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള എളുപ്പ വഴിയായിരുന്നു അത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ തൊട്ട്, പെട്രോള്‍ സെസ്, മദ്യവില കൂട്ടല്‍, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കല്‍, കുടിവെള്ള ചാര്‍ജ്ജ വര്‍ദ്ധിപ്പിക്കല്‍, പോലീസിനെ കൊണ്ട് റോഡില്‍ പിരിവെടുക്കല്‍ തുടങ്ങി സര്‍വ്വതല സ്പര്‍ശിയായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. ഇതെല്ലാം ജനങ്ങള്‍ക്ക് ദ്രോഹമാണ് ചെയ്തത്. എന്നാല്‍, അപ്പോഴും മള്‍ട്ടി നാഷണല്‍ കമ്പനിയായ റിലയന്‍സ് കോമേഴ്‌സ്യല്‍ ഫിനാന്‍സ് ലിമിറ്റഡില്‍ കോടികള്‍ നിക്ഷേപിക്കാന്‍ തോന്നിയ ബുദ്ധി ആരുടേതാണ് എന്നതാണ് ചോദ്യം.

ബിസിനസ്സുകള്‍ പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നു നില്‍ക്കുന്ന അംബാനിയെ സഹായിക്കാന്‍ തോന്നിയത് ആര്‍ക്കാണ്. കേരളത്തില്‍ അംബാനി സൗഹൃദം നിലനിര്‍ത്തിയിരുന്ന ആരാണുള്ളത്. കേരളാ സര്‍ക്കാരിന് പണം ഇരട്ടിപ്പിക്കാനോ, കൂടുതല്‍ പലിശ ലഭിക്കാനോ പണം നിക്ഷേപിക്കാന്‍ ബുദ്ധി ഉപദേശിച്ച ഉപദേശികള്‍ ആരാണ്.

ഇത്രയും വലിയ അഴിമതിയുടെ കഥ പുറത്തു കൊണ്ടുവന്നത്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വം നിറവേറ്റി. എന്നാല്‍, സര്‍ക്കാരിന്റെ ഗതികെട്ട പണക്കൊതിയുടെ സത്യാവസ്ഥ ഇനിയും പുറത്തു വരാനുണ്ട്. മലയാളികളുടെ നികുതിപ്പണത്തെ അമ്മാനമാടാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നാടിനു വേണ്ടിയുള്ളതല്ലെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. എത്രയോ അഴിമതികളാണ് പുറത്തു വന്നിരിക്കുന്നത്. അതെല്ലാം, പുറത്തു വന്നത് എങ്ങനെ എന്നാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത് പോലും. മാധ്യമങ്ങളെ ഫള്ളു പറഞ്ഞും, ആട്ടിയോടിച്ചും ജനാധിപത്യ സംവിധാനത്തെ ഇരുമ്പു മറയാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

സംസ്ഥാനത്തെ ഇടത്തര ചെറുകിട സംരംഭങ്ങള്‍ക്ക് ലഭിക്കേണ്ട ഫണ്ട് വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനത്തിനു നല്‍കിയത് ഗുരുതരമായ കുറ്റവും അഴിമതിയുമാണെന്ന് പ്രതിക്ഷ നേതാവ് വി.ഡി. സതീശന്‍ വിളിച്ചു പറയേണ്ട അവസ്ഥയിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ് ഭരണം. ഇതുസംബന്ധിച്ച രേഖകളും അദ്ദേഹം പുറത്തുവിട്ടു. ലിക്വിഡേറ്റ് ആകാന്‍ പോകുന്ന സ്ഥാപനത്തില്‍ സര്‍ക്കാര്‍ സ്ഥാപനം നിക്ഷേപിച്ചത് കമ്മീഷന്‍ വാങ്ങിയാണ് എന്ന് വേണം സംശയിക്കാന്‍. സംസ്ഥാനത്തെ എം എസ് എം ഇ അടക്കമുള്ള വ്യവസായങ്ങള്‍ക്ക് വായ്പകള്‍ നല്‍കാന്‍ രൂപീകരിച്ച സ്ഥാപനം 26.04.2018 ന് അനില്‍ അമ്ബാനിയുടെ RCFL (Reliance commercial Finance Ltd) എന്ന സ്ഥാപനത്തില്‍ 60.80 കോടി രൂപ നിക്ഷേപിച്ചു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് മുതലാളിമാരോട് കാട്ടുന്ന അതേ സമീപനമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റേതും.

മോദി കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കോടികള്‍ നല്‍കി. ഈ ഇടപാടിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. 2020 മാര്‍ച്ച്‌ മുതല്‍ പലിശ പോലും RCP Ltd നിന്നും ലഭിച്ചിട്ടില്ല. RCFL ലിക്വിഡേറ്റ് ചെയ്തപ്പോള്‍ 7.09 കോടി രൂപ ലഭിച്ചിട്ടുള്ളതായി 2020-21 ലെ ആന്വല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിക്ഷേപത്തില്‍ പലിശയുള്‍പ്പെടെ 101 കോടി രൂപ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. കെ എഫ് സി യിലെ ഇടത് സംഘടനാ നേതാക്കളും മാനേജ്‌മെന്റും സര്‍ക്കാരിന്റെ ഒത്താശയോടെ നടത്തിയ വന്‍ കൊള്ളയാണ് ഇത്.

സംസ്ഥാനത്തെ ഇടത്തര ചെറുകിട സംരംഭങ്ങള്‍ക്ക് ലഭിക്കേണ്ട ഫണ്ട് വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനത്തിനു നല്‍കിയത് ഗുരുതരമായ കുറ്റമാണ്, അഴിമതിയാണ്. ലിക്വിഡേറ്റ് ആകാന്‍ പോകുന്ന സ്ഥാപനത്തില്‍ സര്‍ക്കാര്‍ സ്ഥാപനം നിക്ഷേപിച്ചത് കമ്മീഷന്‍ വാങ്ങിയാണ് എന്ന് വേണം സംശയിക്കാന്‍. നിയമസഭയില്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് പോലും ധനവകുപ്പ് മറുപടി നല്‍കുന്നില്ല (11 മത് സമ്മേളനത്തില്‍ ഈ വിഷയം സംബന്ധിച്ച്‌ ചോദ്യ നം. 4398 നും , 4400 നും നാളിതുവരെയായും മറുപടി ലഭിച്ചില്ല.)