video
play-sharp-fill

കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് മാലിന്യം; ആരോഗ്യഭീഷണിയിൽ കുടുംബാരോഗ്യ കേന്ദ്രം

കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് മാലിന്യം; ആരോഗ്യഭീഷണിയിൽ കുടുംബാരോഗ്യ കേന്ദ്രം

Spread the love

കോട്ടക്കല്‍: ദിവസവും നൂറുകണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയാണ് കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം. ഒരു മതില്‍ക്കെട്ടിനപ്പുറം കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങൾ. ആരോഗ്യം വീണ്ടെടുക്കേണ്ട സ്ഥലത്ത് നിന്ന് തന്നെ ആരോഗ്യപ്രശ്നങ്ങൾ ലഭിച്ചാലോ? ഇത്തരം ഒരു ആരോഗ്യഭീഷണിയില്‍ പ്രവൃത്തിക്കുകയാണ് കോട്ടക്കല്‍ കുടുംബാരോഗ്യകേന്ദ്രം. നഗരസഭക്ക് കീഴിലുള്ള സി.എച്ച്‌ ഓഡിറ്റോറിയത്തിന്റെ വളപ്പിലാണ് മുഴുവൻ വാർഡുകളിലെയും വീടുകളില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്.

 

മാലിന്യങ്ങള്‍ തരം തിരിക്കാൻ ഏറ്റെടുത്തവരുടെ കരാർ ഡിസംബർ 28ന് അവസാനിച്ചതാണ് ആയുർവേദനഗരത്തെ ആരോഗ്യഭീഷണിയിലാക്കിയിരിക്കുന്നത്. നിലവില്‍ 35ഓളം ഹരിത കർമസേന പ്രവർത്തകരാണ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്ലാസ്റ്റിക് ഏറ്റെടുക്കുന്നതിനായി പുതിയ കരാറുകാർ എത്തിയിട്ടുണ്ടെങ്കിലും കൗണ്‍സില്‍ അംഗീകാരം നല്‍കേണ്ടതുണ്ട്. കരാറുകാരുമായി വിശദമായ ചർച്ചകള്‍ നടത്തിയ ശേഷം മാത്രം തുടർനടപടി സ്വീകരിക്കാനാണ് നഗരസഭ തീരുമാനം.

 

 അതേസമയം, വർഷങ്ങളായി അടഞ്ഞുകിടക്കുന്ന നഗരസഭയുടെ അധീനതയിലുള്ള മൈലാടി പ്ലാന്റ് തുറന്നുകൊടുക്കാൻ ജില്ല കലക്ടർ മുൻകൈയെടുത്ത് നടന്ന ചർച്ചകള്‍ക്ക് പരിഹാരമാകാത്തതും തിരിച്ചടിയായി. 32 വാർഡുകളുള്ള കോട്ടക്കലില്‍ 16 വീതം വാർഡുകളിലെ മാലിന്യങ്ങള്‍ മൈലാടിയിലും ഓഡിറ്റോറിയം വളപ്പിലും വേർതിരിക്കാനായിരുന്നു തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വീടുകളിലെ ഉപഭോഗം കൂടിയതോടെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിക്കാൻ നിലവിലെ ആറ് സെന്റ് ഭൂമി തികയാത്ത സാഹചര്യമാണ്. അംഗീകാരം ലഭിച്ച 64 ലക്ഷം രൂപയുടെ എം.സി.എഫ് പദ്ധതി യാഥാർഥ്യമാകുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന വിലയിരുത്തലിലാണ് നഗരസഭയെന്ന് അധ്യക്ഷ ഡോ. കെ.ഹനീഷ അറിയിച്ചു.

 

അതേസമയം, നിറഞ്ഞ് കിടക്കുന്ന മാലിന്യക്കൂമ്പാരം രോഗികള്‍ക്കും ആരോഗ്യ പ്രവർത്തകർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് വഴിവെക്കുക. ഓഡിറ്റോറിയം, പൊലീസ് സ്‌റ്റേഷൻ, നഗരസഭ കാര്യാലയം, വ്യാപാര സ്ഥാപനങ്ങള്‍, തിയറ്റർ എന്നിവക്ക് സമീപമുള്ള പ്രദേശം അപകട സാധ്യതക്കും വഴിവെക്കുകയാണ്. മാസങ്ങള്‍ക്ക് മുൻപ് എം.സി.എഫിന് പുറത്ത് സൂക്ഷിച്ചിരുന്ന മാലിന്യത്തില്‍ തീ പിടിച്ച്‌ ഏകദേശം 700 കിലോയോളം ഉല്‍പന്നങ്ങള്‍ നശിച്ചിരുന്നു.