ഡൽഹി: വൈറസ്, ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് ഇതില്‍ ഏതാണ് മഹാമാരിയായി വരാനിരിക്കുന്നതെന്ന ആശങ്കയിലാണ് ജനങ്ങള്‍. കോവിഡ് പിന്‍വാങ്ങിയ സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തെ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുത്തുന്ന മൂന്ന് പകര്‍ച്ചവ്യാധികള്‍ മലേറിയ, എച്ച്‌ഐവി, ക്ഷയം എന്നിവയാണ്. ഓരോ വര്‍ഷവും അവ ഏകദേശം രണ്ട് ദശലക്ഷത്തോളം ആളുകളുടെ ജീവനെടുക്കുന്നുവെന്നാണ് കണക്കുകള്‍.അടുത്തിടെ പക്ഷികളിലും മൃഗങ്ങളിലും വ്യാപിക്കുന്ന ഇന്‍ഫ്ലുവന്‍സ വൈറസ് വരും നാളുകളില്‍ ആശങ്കപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്.
ഇന്‍ഫ്ലുവന്‍സ എ സബ്‌ടൈപ്പ് എച്ച്5എന്‍1- പക്ഷിപ്പനി എന്ന് വ്യാപകമായി വിളിക്കപ്പെടുന്ന വൈറസ് ബാധ മുന്‍കാലങ്ങളെ അപേക്ഷിച്ച് ശക്തിപ്രാപിച്ചിട്ടുണ്ട്.പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ1. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വെെറസ് പകരുന്നത് സ്രവങ്ങള്‍ വഴിയാണ്.
രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷി എന്നിവ വഴിയാണ് രോഗാണുക്കള്‍ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുക. വൈറസ് വന്യമൃഗങ്ങള്‍ക്കിടയിലും കോഴി പോലുള്ള വളര്‍ത്തു പക്ഷികളിലും വ്യാപകമായി പടര്‍ന്ന് പിടിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷിപ്പനി ബാധിച്ച മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും മനുഷ്യന് ഈ രോഗം ബാധിക്കാം. കോശങ്ങളുടെ പുറത്തുള്ള സിയാലിക് റിസപ്റ്ററുകള്‍ എന്ന് വിളിക്കപ്പെടുന്ന തന്മാത്രാ ഘടനയില്‍ ഇൻഫ്ലുവൻസ വൈറസുകള്‍ ചേരുകയും അത് പിന്നീട് വിഘടിക്കുകയും ചെയ്യുമ്പോളാണ് മനുഷ്യരില്‍ ഈ രോഗം വരുന്നത്.
അടുത്തിടെ അമേരിക്കയിലെ വിവിധഭാഗങ്ങളില്‍ കറവ പശുക്കളിലും എച്ച്5എന്‍1 ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ മംഗോളിയയിലെ കുതിരകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനോടകം അമേരിക്കയില്‍ 61 പേര്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ ഭൂരിഭാഗം ആളുകളും ഫാം തൊഴിലാളികളും രോഗബാധിതരായ കന്നുകാലികളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നവരും പച്ച പാല്‍ കുടിക്കുന്നവരുമാണ്. മിക്കവർക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.
ഇതേ വരെ രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നതായി കണ്ടെത്തിയിട്ടില്ല.എന്നാല്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ ഫ്ലു ജീനോമിലെ ഒരൊറ്റ മ്യൂട്ടേഷന്‍ എച്ച്5എന്‍1 വൈറസിനെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കാന്‍ പ്രാപ്തമാക്കുമെന്നും ഇത് ഒരു മഹാമാരിയുടെ ആരംഭത്തിന് കാരണമാകാമെന്നും നിരീക്ഷിച്ചു. മുൻകരുതലിന്റെ ഭാഗമായി യുകെ പക്ഷിപ്പനിയില്‍ നിന്ന് സംരക്ഷിക്കാൻ അഞ്ച് ദശലക്ഷം H5 വാക്സിൻ വാങ്ങിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2003 മുതല്‍ 19 രാജ്യങ്ങളിലായി മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച 860-ലേറെ കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 53 ശതമാനം കേസുകളിലും മരണം സംഭവിച്ചു. 2025ഓടെ ഇത് കൂടുമെന്നാണ് വിദഗ്ധർ പറയുന്നത്.