കണ്ണൂരിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് തലകീഴായി മറിഞ്ഞു അപകടം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു, ഒരാളുടെ നില ഗുരുതരം, 15 പേർക്ക് പരിക്കേറ്റു

Spread the love

 

കണ്ണൂർ: കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാർത്ഥി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും ചോറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. പതിനഞ്ചു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം. പതിനാറ് വിദ്യാർത്ഥികളാണ് സ്കൂൾ ബസിൽ ഉണ്ടായിരുന്നത്. ഇന്ന് വൈകുന്നേരം 4:30 യോടു കൂടിയാണ് അപകടം. കുറുമാത്തൂർ ചിന്മയ സ്കൂൾ ബസ് ആണ് അപകടത്തിൽ പെട്ടത്.

video
play-sharp-fill

 

വളക്കൈ പാലത്തിനു സമീപമുള്ള വിയറ്റ്നാം റോഡിൽ വെച്ച് ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

 

ബസ് മറിഞ്ഞ സമയത്ത് പെൺകുട്ടി തെറിച്ചുപോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ബസ് ഉയർത്തി. ബസിനടിയിൽ കുടുങ്ങിപ്പോയ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരിക്കേറ്റവരെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടത്തിൽ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.