ജനവാസ മേഖലക്കരികെ കാട്ടുപോത്തുകള്‍; ഭീതി ഒഴിയാതെ പ്രദേശവാസികള്‍

Spread the love

കുളത്തൂപ്പുഴ: കാടിറങ്ങിയെത്തുന്ന വന്യമൃഗങ്ങള്‍ പകലും ജനവാസ മേഖലയിലേക്കെത്തുന്നത് പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭീതി വിട്ടൊഴിയാതെ ജീവിക്കുകയാണ് നാട്ടുകാർ.കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ ചോഴിയക്കോട് മില്‍പ്പാലം, അംബേദ്കർ, ഇ.എസ്. എം. കോളനി, കൂവക്കാട്, പതിനാറേക്കര്‍, അയ്യന്‍പിള്ള വളവ്, ശാസ്താ ക്ഷേത്രപരിസരം തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടുപോത്തുകളും കാട്ടുപന്നികളും നിത്യ സാന്നിധ്യമാണ്.

video
play-sharp-fill

 

 

കഴിഞ്ഞ ദിവസം മില്‍പ്പാലം പാതയിലും സമീപത്തുമായി പുലര്‍ച്ചെ മുതല്‍ തന്നെ കാട്ടുപോത്തുകളുടെ കൂട്ടം നിലയുറപ്പിച്ചതോടെ ഏറെ ഭയപ്പാടോടെയാണ് നാട്ടുകാര്‍ വഴിയിലൂടെ കടന്നു പോയത്.കഴിഞ്ഞ ഏതാനും ദിവസം മുൻപ് കൂവക്കാടിനു സമീപം വച്ച്‌ അന്തര്‍സംസ്ഥാന പാതയിലൂടെ പോവുകയായിരുന്ന കാറിനു മുകളിലേക്ക് കാട്ടുപോത്ത് ചാടിയതിനെ തുടര്‍ന്ന് അപകടം സംഭവിച്ചിരുന്നു.

 

ആഴ്ചകള്‍ക്ക് മുൻപ് പതിനാറേക്കറില്‍ പഞ്ചായത്ത് കളിക്കളത്തില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെ കാട്ടുപോത്ത് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ ഇപ്പോഴും എഴുന്നേറ്റ് നടക്കാനാവാത്ത അവസ്ഥയിലാണ്. ചോഴിയക്കോട് പ്രദേശത്ത് പുലര്‍ച്ചെ പത്രം വിതരണത്തിനെത്തിയ യുവാവും മെഡിസിന്‍ പ്ലാന്‍റിനു സമീപം വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്നയാളും കാട്ടുപോത്തുകളുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപെട്ടതും അടുത്തിടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കുളത്തൂപ്പുഴ ജംങ്ഷനില്‍ പോലും കാട്ടുപോത്തുകളെത്തിയതോടെ പ്രദേശവാസികളൊന്നടങ്കം ഭീതിയുടെ നിഴലിലാണുള്ളത്. കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് കടന്നെത്തുന്നത് നിയന്ത്രിക്കുന്നതിനു പല പദ്ധതികളും വനം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാതൊന്നും നടപ്പിലായിട്ടില്ലെന്നതും നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാക്കുന്നുണ്ട്.