
എൻജിനീയറിങ് കോളേജിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം: കോളേജ് ഉടമയുടേതാണെന്ന് ബലപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി; എഴുത്ത് കണ്ടെത്തിയത് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കസേരയിൽ ചാരിവച്ചിരുന്ന ഫോണിൽ; മരണം ഫോണിൽ ചിത്രീകരിച്ചതായും സംശയം
നെടുമങ്ങാട്: കരകുളം പി.എ. അസീസ് എൻജിനീയറിങ് കോളേജിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയും ചെയർമാനുമായ ഇ. മുഹമ്മദ് താഹയുടേതാണെന്ന സംശയം ബലപ്പെടുത്തി ആത്മഹത്യ കുറിപ്പ്.
സംഭവ സ്ഥലത്തുനിന്ന് ലഭിച്ച താഹയുടെ ഫോണിൽ ആത്മഹത്യ കുറിപ്പെന്ന് കരുതുന്ന എഴുത്ത് കണ്ടെത്തി. കോളേജിന്റെ പണിതീരാത്ത ഹാളിനുള്ളിലാണ് ചൊവ്വാഴ്ച രാവിലെ പൂർണമായി കത്തിയനിലയിൽ മൃതദേഹം കണ്ടത്. സമീപം താഹയുടെ ഫോണും ഷൂസും ഹാളിന് മുന്നിൽ കാറും കണ്ടെത്തിയിരുന്നു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കസേരയിൽ ചാരിവച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ. മരണം ഫോണിൽ ചിത്രീകരിച്ചതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ഫൊറൻസിക് പരിശോധയ്ക്കായി ഫോൺ കൈമാറും. ഇന്നലെ രാവിലെ എട്ടോടെ കോളേജിലെ സുരക്ഷാ ജീവനക്കാരൻ ജി.എസ്.ബിജുവാണ് മൃതദേഹം കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടത്തിനു താഴത്തെനിലയിൽനിന്നു പുക ഉയരുന്നതുകണ്ട് സംശയം തോന്നി തിരച്ചിലിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് പോലീസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ മൃതദേഹം തിരിച്ചറിയാനാകൂവെന്ന് നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ്കുമാർ പറഞ്ഞു.
ഏറെക്കാലം വിദേശത്തായിരുന്ന മുഹമ്മദ് അബ്ദുൽ അസീസ് താഹ നാട്ടിൽ എത്തിയ ശേഷം 2000 ലാണ് കോളേജ് ആരംഭിച്ചത്. നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നതിനിടയിൽ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഒരു അധിക ബാച്ചിന് അഡ്മിഷൻ നൽകിയത് വർഷങ്ങൾക്ക് മുമ്പ് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കാനിടയാക്കിയിരുന്നു.
കുറച്ചുകാലം അടച്ചിട്ടശേഷം അടുത്തിടെയാണ് കോളേജ് പ്രവർത്തനം ആരംഭിച്ചത്. സാമ്പത്തിക പ്രശ്നങ്ങൾ താഹയെ അലട്ടിയിരുന്നതായി പറയുന്നു. വസ്തുവകകൾ ക്രയവിക്രയം നടത്താൻ സാധിക്കാത്തതരത്തിൽ ആദായനികുതി വകുപ്പ് അറ്റാച്ച് ചെയ്തിരുന്നുവെന്നാണ് വിവരം.
ഇതുകാരണം വസ്തുവകകൾ വിറ്റ് കടം തീർക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് താഹ പറഞ്ഞതായി അദ്ദേഹവുമായി ബന്ധമുള്ളവർ പറയുന്നു. കൊല്ലം സ്വദേശിയായ താഹ തിരുവനന്തപുരത്താണ് താമസം. ചില ദിവസങ്ങളിൽ കോളേജ് വളപ്പിൽ തന്നെയുള്ള മുറിയിലാണ് മുഹമ്മദ് അബ്ദുൽ അസീസ് താഹ താമസിച്ചിരുന്നതെന്ന് കോളേജ് ജീവനക്കാർ പറഞ്ഞു.