
മകന്റെ വഞ്ചനയിൽ കുടുങ്ങി പ്രവാസി അനാഥാലയത്തിൽ: മുഴുവൻ സമ്പാദ്യവും കൈക്കലാക്കി മകൻ അച്ഛനെ ചവുട്ടി പുറത്താക്കി: ആരും തുണയില്ലാതെ അൻപത്തെൻപതുകാരൻ
തൃശ്ശൂർ: ലക്ഷങ്ങള്‍ ശന്മളം വാങ്ങിയിരുന്ന പ്രവാസി മകന്റെ ചതിയില്‍പെട്ട് ഇന്ന് കഴിയുന്നത് അനാഥാലയത്തില്‍. നോർത്ത് പറവൂർ ചേന്ദമംഗലം സ്വദേശിയായ രമേഷ് മേനോൻ എന്ന അമ്പത്തൊൻപതുകാരനാണ് കുറ്റിപ്പുറത്തിനടുത്ത് കുമ്പിടിയില്‍ സർക്കാർ നിയന്ത്രിത അനാഥാലയത്തില്‍ കഴിയുന്നത്.
മകൻ സംരക്ഷിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും യാതൊരു നടപടികളും ഇതുവരെയും ഉണ്ടായിട്ടില്ല.
59-കാരനായ രമേഷ് മേനോൻ 32 വർഷമാണ് പ്രവാസ ജീവിതം നയിച്ചത്. മസ്കറ്റ്, ദുബായ്, ഷാർജ തുടങ്ങിയ സ്ഥലങ്ങളില്‍ ദീർഘകാലം ജോലി ചെയ്തു. വൻതുകകള്‍ ശമ്പളമായി വാങ്ങി. 2016ലാണ് രമേഷ് മേനോന്റെ ജീവിതം മാറിമറിയുന്നത്. അതും സ്വന്തം മകന്റെ ചതിയില്‍.
ഷാർജയില്‍ ജോലി ചെയ്യുന്നതിനിടെയാണ് രമേഷ് മേനോന്റെ ജീവിതത്തിന്റെ ഗതിമാറി തുടങ്ങിയത്. പ്രമേഹമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ചു. ഒൻപതു മാസത്തോളം ചികിത്സയിലായിരുന്നു. 2016-ല്‍ ഐ.സി.യു.വില്‍ കിടക്കുമ്പോള്‍ മകൻ കല്യാണ്‍ രമേഷ് കാണാൻ എത്തിയതാണ് അനാഥാലയത്തിലേക്കുള്ള യാത്രയ്ക്ക് വഴിയിട്ടത്. തുടർചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ സ്വത്ത് തന്റെ പേരിലേക്ക് എഴുതിത്തരണമെന്നായിരുന്നു ഏക മകന്റെ ആവശ്യം. 2016 സെപ്റ്റംബർ ആറിന് ഷാർജയിലെ ഇന്ത്യൻ എംബസി വഴി സ്വത്തുക്കളുടെ അവകാശം പവർ ഓഫ് അറ്റോണിയായി മകന്റെ പേരില്‍ നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗത്തില്‍നിന്ന് ചെറിയ മുക്തി കിട്ടിയതോടെ കൂട്ടുകാരുടെ സഹായത്തോടെ നാട്ടിലെത്തി. നെടു മ്പാശ്ശേരിയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രമേഷ് മേനോനെ സ്വീകരിക്കാൻ മകനെത്തിയിരുന്നു. എന്നാല്‍, മകൻ വീട്ടിലേക്കല്ല രമേഷ് മേനോനെ കൊണ്ടുപോയത്. പകരം കൊടുങ്ങല്ലൂരിലെ ഹോട്ടലിലേക്കാണ്. ഹോട്ടലിലാകുമ്പോള്‍ നല്ല താമസവും ഭക്ഷണവും കിട്ടുമെന്നാണ് കാരണമായി പറഞ്ഞത്. നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ മരുന്ന് മുടങ്ങി. ഓർമയും നശിച്ചു.
ഓർമ വന്നപ്പോള്‍ കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ തെക്കേനടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. സുമുഖനായ ഒരു യുവാവ് രമേഷ് മേനോനെ ക്ഷേത്രത്തിനുസമീപം ഇരുത്തി പോകുന്നത് ചിലർ കണ്ടിരുന്നു. താമസിച്ചിരുന്ന ലോഡ്ജുകാരും രമേഷ് മേനോനെ തിരിച്ചറിഞ്ഞു. ഇതോടെ നാട്ടുകാർ സംഘടിച്ച് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി.
മനുഷ്യാവകാശ കമ്മിഷൻ ചെയർമാന്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രിബ്യൂണല്‍, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം രമേഷ് മേനോന് സംരക്ഷണം നല്‍കണമെന്ന് കാണിച്ച് മകന് ഉത്തരവ് നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. മന്ത്രിമാർ പങ്കെടുത്ത ഇരിങ്ങാലക്കുടയിലെ അദാലത്തില്‍ രമേഷ് മേനോന്റെ പരാതി എത്തിയതോടെ മകന്റെ പേരില്‍ പോലീസ് കേസെടുത്തു. അറസ്റ്റ് െചയ്യാനുള്ള നീക്കത്തിനിടെ മകൻ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ നേടി.
ഇതിനെതിരേ രമേഷ് മേനോൻ നല്‍കിയ ഹർജിയില്‍ സ്റ്റേ പിൻവലിച്ച് ഹൈക്കോടതി 2024 ഫെബ്രുവരി 29-ന് ഉത്തരവിട്ടു. മകനെ ഹാജരാക്കണമെന്ന് ഇരിങ്ങാലക്കുട സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ 2024 ഏപ്രില്‍ ആറിലെ ഉത്തരവുമുണ്ട്. പട്ടാമ്പി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം പട്ടാമ്പി പോലീസ് 2024 സെപ്റ്റംബർ 13-ന് കേസെടുത്തിട്ടുണ്ട്. മകനെ കണ്ടെത്താനാകുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
ഒരു കണ്ണിനു മാത്രമാണ് രമേഷ് മേനോന് അല്പം കാഴ്ചയുള്ളത്. പ്രമേഹം കാരണം ശരീരം പാതി തളർന്ന അവസ്ഥയിലാണ്. 32 വർഷത്തോളം പ്രവാസ ജീവിതം നയിച്ച് സമ്പാദിച്ചതില്‍ ഒരു രൂപ പോലും ബാക്കിവെക്കാതെ മകൻ തട്ടിയെടുത്തു. നീതിയും നിയമവും നടപ്പിലാകുമെന്നും മകന്റെ സംരക്ഷണയില്‍ സ്വന്തം വീട്ടില്‍ കഴിയാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ മനുഷ്യൻ.