ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ഉളവെയ്പ് ഗ്രാമത്തിന്റെ കായൽ കാർണിവൽ നാളെ; കായലിൽ ഇറക്കിയ പാപ്പാത്തിയെ രാത്രി 12ന് കത്തിക്കും; പാപ്പാത്തിയെ കത്തിക്കുക ജനക്കൂട്ടത്തിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരാൾ; വ്യത്യസ്തമായ സന്ദേശം ഉയർത്തിയാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ; ഒപ്പം സൗജന്യമായി ഗ്രാമത്തിലെ അമ്മമാർ ഒരുക്കുന്ന കക്ക-കപ്പ വിതരണവും

Spread the love

ആലപ്പുഴ: ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ഉളവയ്പ് ഗ്രാമത്തിന്റെ കായൽ കാർണിവൽ നാളെ നടക്കും. ഉളവെയ്പ് ഗ്രാമീണരുടെ ചെറിയ ആഘോഷമായി ആരംഭിക്കുകയും കൊച്ചിൻ കാർണിവലിനൊപ്പം വളരുകയും ചെയ്ത മാതൃകയാണ് ഉളവയ്പ് കായൽ കാർണിവലിന്റേത്.

ഗ്രാമത്തിലെ അമ്മമാർ ഒരുക്കുന്ന കക്ക-കപ്പ എന്നിവ സൗജന്യമായി എല്ലാവർക്കും വിതരണം ചെയ്യും. ഒരു മാസം സമയമെടുത്ത പപ്പാഞ്ഞി നിർമ്മാണം കായൽ തീരത്ത് പൂർത്തീകരിച്ചു കഴിഞ്ഞു. കായൽ മലിനീകരണത്തിനും മത്സ്യസമ്പത്തിനും കോട്ടം സംഭവിക്കാതെ പപ്പാഞ്ഞി കായലിൽ ഇറക്കി രാത്രി 12 ന് കത്തിക്കും.

അമ്യൂസ്മെന്റ് പാർക്ക്, വാനനിരീക്ഷണം, കൈകൊട്ടൽ മത്സരം, ഞണ്ട് കൃഷിയിലെ നൂതന സാങ്കേതിക വിദ്യാ സെമിനാർ- തുടങ്ങിയവയും ഇത്തവണയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജി പാറു നയിക്കുന്ന ഫോക്ക് റെവല്യൂഷനാണ് ഇത്തവണ സംഗീത പരിപാടി നയിക്കുന്നത്. കെ.സി വേണുഗോപാൽ എംപി, എംഎൽഎമാരായ ദെലീമ ജോജോ, കെ ജെ മാക്സി തുടങ്ങിയവർ പുതുവർഷ സന്ദേശങ്ങൾ നൽകും. ആഘോഷത്തിനെത്തിയ ജനക്കൂട്ടത്തിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരാളായിരിക്കും 31ന് രാത്രി 12ന് പപ്പാഞ്ഞി കത്തിച്ച് പുതുവർഷത്തെ വരവേൽക്കുന്നത്.

‘കായൽ 10’ എന്ന പേരിൽ ഇത്തവണത്തെ കാർണിവൽ ആഘോഷം വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും വിദ്യാർത്ഥികളിലെ സോഷ്യൽ മീഡിയ ദുരുപയോഗത്തിനെതിരെയുമുള്ള സന്ദേശമായിരിക്കും.

പരിപാടിയുടെ ഭാഗമായി വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇരുചക്രവാഹനം ഒഴികെ മറ്റൊന്നും തന്നെ പള്ളിവെളിയിൽ നിന്നും ഉളവെയ്പിലേക്ക് കടത്തിവിടില്ല. വാഹനങ്ങൾ പള്ളി വെളിയിൽ തന്നെ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.