വന്യജീവി ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടപ്പെട്ടത് സങ്കടകരം; വന്യജീവി ആക്രമണം തുടരുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സർക്കാരും വനം വകുപ്പും കാഴ്ചക്കാരെ പോലെ നിൽക്കുന്നത് പ്രതിഷേധാർഹമാണ്; വനം മന്ത്രി നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പ്രഖ്യാപനങ്ങൾ; പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടത് സങ്കടകരമാണെന്നും വന്യജീവി ആക്രമണം തുടരുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാരും വനംവകുപ്പും കാഴ്ച്ചക്കാരെ പോലെ നോക്കി നില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.

കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മുള്ളരിങ്ങാട് അമേല്‍തൊട്ടിയില്‍ 22 വയസുകാരനായ അമര്‍ ഇലാഹിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

വന്യജീവി അതിക്രമം തടയാന്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയാറാകാത്ത വനം വകുപ്പ് ഈ ചെറുപ്പക്കാരന്റെ മരണത്തിന് മറുപടി പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുള്ളരിങ്ങാട് മേഖലയില്‍ ആന ശല്യമുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും വനാതിര്‍ത്തിയില്‍ ട്രെഞ്ചുകളോ ഫെന്‍സിങോ നിര്‍മ്മിക്കാന്‍ വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനവാസ മേഖലകളില്‍ നിന്നും ആനകളെ തുരത്തുന്നതിനുള്ള നടപടികളും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് വന്യജീവി ശല്യമുള്ള പ്രദേശങ്ങളിലൊക്കെ ഇതു തന്നെയാണ് സ്ഥിതി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നേര്യമംഗലത്ത് കാട്ടാന ഒരാളെ ചവിട്ടിക്കൊന്നത്.

2016 മുതല്‍ 2024 ജൂണ്‍ മാസം വരെ മാത്രം 968 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് നിയമസഭയില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ കണക്ക് പുറത്തു വന്നതിനു ശേഷവും നിരവധി പേര്‍ വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്.

കാട്ടാന ആക്രമണവും അതേത്തുടര്‍ന്നുള്ള മരണവും സംസ്ഥാനത്ത് സ്ഥിരം സംഭവമായിരിക്കുകയാണ്. ഇത്രയും ഗുരുതര സ്ഥിതി സംസ്ഥാനത്തുണ്ടായിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പാവപ്പെട്ട മനുഷ്യരുടെ ജീവന്‍ നഷ്ടമാകുമ്പോള്‍ മാത്രമാണ് വനം വകുപ്പും വകുപ്പ് മന്ത്രിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടു വരുന്നത്. എന്നാല്‍ അതൊന്നും ഒരിടത്തും ഇതുവരെ നടപ്പാക്കിയിട്ടുമില്ല.

വന്യജീവി ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന നിയമ നിര്‍മ്മാണവുമായി മുന്നോട്ട് പോകുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ആ കടമ നിറവേറ്റാന്‍ ഇനിയും തയാറായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.