സീബ്രാ ലൈൻ മുറിച്ച് കടക്കവെ വയോധികനെ അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചു; അപകടം വളവിൽ ഓട്ടോറിക്ഷ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ; അപകടത്തിൽ മുറിവേറ്റ വയോധികന്റെ മുഖത്ത് അഞ്ചോളം തുന്നൽ; ഇടിച്ച ശേഷം നിർത്താതെ പാഞ്ഞ ഓട്ടോറിക്ഷക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

തിരുവനന്തപുരം: സീബ്രാ ലൈൻ മുറിച്ച് കടക്കവെ വയോധികനെ അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചു. മുഖത്ത് പരിക്കേറ്റ വയോധികനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്ഷ്യമായി അമിതവേഗതയിലെത്തി വയോധികനെ ഇടിച്ച ശേഷം നിർത്താതെ പാഞ്ഞ ഓട്ടോറിക്ഷക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ആൽത്തറ ജംഗ്ഷൻ അനിഴത്തിൽ കേന്ദ്ര പോലീസ് സേനയിലെ റിട്ട. ഉദ്യോഗസ്ഥനായിരുന്ന ഗോപി(81) ആണ് അപകടത്തിൽപ്പെട്ടത്. മലയിൻകീഴ് പാപ്പനംകോട് റോഡിൽ ആൽത്തറ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവേ ആണ് അപകടം. അമിത വേഗതയിൽ കൊടും വളവിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ഓട്ടോറിക്ഷ വയോധികനെ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.

ആൽത്തറ ജംഗ്ഷനിൽ ക്ഷേത്രത്തിൽ നിന്നും റോഡിലെ സീബ്രാ ലൈനിലൂടെ മുറിച്ചു കടക്കുമ്പോഴാണ് അമിതവേഗതയിൽ പാഞ്ഞെത്തിയ ഓട്ടോറിക്ഷ ഗോപിയുടെ ശരീരത്തിൽ ഇടിച്ചത്. വാഹനത്തിന്‍റെ വരവ് കണ്ടു സീബ്രാ ലൈനിൽ തന്നെ പകച്ചു നിൽക്കുകയായിരുന്നു ഗോപി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിമിഷങ്ങൾക്കുള്ളിൽ ഓട്ടോ ഗോപിയെ ഇടിച്ചു കടന്നു പോയി. അപകടത്തിൽ മുറിവേറ്റ് ഗോപിയുടെ മുഖത്ത് അഞ്ചോളം തുന്നൽ ഉണ്ട്. പാപ്പനംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ആണ് അപകടം ഉണ്ടാക്കിയത്. മലയിൻ കീഴ് സ്വദേശിയുടേതാണ് വാഹനമെന്നാണ് പ്രാഥമിക നിഗമനം. മലയിൻകീഴ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.