ഈ കാണുന്ന വീടുണ്ടല്ലോ, അവൻ ഒറ്റയ്ക്ക് പണിതതാ… ഒരു രാത്രിയെങ്കിലും അവനെ വീട്ടില്‍ കിടത്തണം..; രാവിലെയെത്തുമെന്ന് അമ്മയേയും സഹോദരനേയും വിളിച്ചറിയിച്ച് യാത്രയായി…; നാടിന് പ്രിയപ്പെട്ട മൂന്ന് ഉറ്റ ചങ്ങാതിമാർ; മരണത്തിലും അവർ ഒന്നിച്ച് കൈകോർത്തു… കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു യുവാക്കള്‍ തേനിയിലെ വാഹനാപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിൽ നാട്

Spread the love

കുറവിലങ്ങാട്: കുര്യം സ്വദേശികളായ മൂന്നു യുവാക്കള്‍ തേനിയില്‍ ഇന്നലെ കാറപകടത്തില്‍ മരിച്ച ന‌ടുക്കത്തിലാണ് നാട്ടുകാർ. മരിച്ചവരു‌ടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ ജില്ലാ കളക്ടറുടെ പ്രത്യേക നിർദേശമുണ്ടായിരുന്നെങ്കിലും പോലീസ് സർജൻ സ്ഥലത്തില്ലാത്തതിനാല്‍ നടപടികള്‍ ഇന്നു രാവിലത്തേക്കു മാറ്റുകയായിരുന്നു.

video
play-sharp-fill

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാൻ സൗജന്യ ആംബുലൻസ് സൗകര്യവും തമിഴ്നാട് ഒരുക്കിയിട്ടുണ്ട്. കേരള അതിർത്തിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ കേരള സർക്കാർ ഏർപ്പെടുത്തിയ ആംബുലൻസുകളില്‍ നാട്ടിലെത്തിക്കും. കുറവിലങ്ങാട് പഞ്ചായത്തംഗം എം.എൻ. രമേശൻ, പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് കെ.കെ ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തേനിയിലെത്തി നടപടികള്‍ക്ക് നേതൃത്വം നല്‍കി.

ഇന്നലെ രാവിലെയാണ് നാടിന്‍റെ പ്രിയപ്പെട്ട മൂന്ന് യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചുവെന്ന വാർത്ത നാട്ടില്‍ പരന്നത്. ഇതോടെ വീട്ടുകാരെ ഒന്നും അറിയിക്കാതെ ദുഃഖം ഉള്ളിലൊതുക്കി നാട് പ്രിയപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിലെ അപകടവും വിവരങ്ങളും അറിഞ്ഞതോടെ വീട്ടിലെത്തിയവരോടെല്ലാം മരിച്ച ജോബിനെക്കുറിച്ച്‌ സംസാരിക്കുന്നതിനിടെ കുടുംബനാഥൻ വിതുമ്പി കരഞ്ഞു. ഈ കാണുന്ന വീടുണ്ടല്ലോ, അവൻ ഒറ്റയ്ക്ക് പണിതതാണ്… കുടുംബനാഥൻ പറഞ്ഞു. വീട്ടിലെത്തിക്കുന്ന ജോബിനെ ഒരു രാത്രിയെങ്കിലും വീട്ടില്‍ കിടത്തണമെന്നുമാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ഏക അപേക്ഷ. അത്രമാത്രം കഷ്ടപ്പെട്ട് ജോബിൻ പണിതീർത്ത വീടായിരുന്നു കാഞ്ഞിരത്തിങ്കല്‍ കുടുംബത്തിന്‍റേത്. അധ്വാനത്തിന്‍റെ മുഖമായിരുന്നു ജോബിനെന്നും നാട്ടുകാർ പറയുന്നു.

അപകടം പുറത്തറിഞ്ഞതോടെ കുര്യം പ്രദേശവാസികളൊന്നാകെ ഇന്നലെ കണ്ണീരിലാഴ്ന്നു. മൂന്നു പേരും അടുത്ത ചങ്ങാതികളും നാടിനു പ്രിയപ്പെട്ടവരുമായിരുന്നു. അതുപോലെ പോയപ്പോഴും അവർ ഒന്നിച്ചുപോയെന്ന് നാട്ടുകാർ ഒന്നടങ്കം പറയുന്നു.

ചിരിയും കളിയും സ്വന്തമായ കുര്യം ഗോവിന്ദപുരം, നമ്പുശ്ശേരി കോളനിയില്‍ ഇന്നലെ ശ്വാസംപോലും അടക്കിപ്പിടിച്ചപോലെയാണ് പ്രദേശവാസികൾ ബുദ്ധിമുട്ടിയിരുന്നത്. ആരും ആരോടും മിണ്ടാതെ. ആർക്കും ആരേയും ആശ്വസിപ്പിക്കാൻ കഴിയാതെ സ്വയം വിതുമ്പുകയായിരുന്നു കോളനി നിവാസികള്‍. ഇതിനാല്‍ത്തന്നെ ഒരുമിച്ചെത്തിയ നഷ്ടം ഒരു വീടിനും താങ്ങാൻ കഴിയുമായിരുന്നില്ല.

എല്ലാവീടുകളും അടയാത്ത വാതിലുകളുമായി പ്രിയപ്പെട്ടവരെ കാത്തിരിക്കുകയായിരുന്നു. പലരും ഭക്ഷണം കഴിക്കാൻപോലും കൂട്ടാക്കാത്ത നിലയിലായിരുന്നു. ശനിയാഴ്ച രാവിലെയെത്തുമെന്ന് വെള്ളിയാഴ്ച രാത്രി പത്തോടെ സഹോദരനെയും അമ്മയെയും വിളിച്ചറിയിച്ച സോണിമോൻ വാക്കുതെറ്റിക്കാതെ വീടിന്‍റെ പടി കടന്നെത്തും.

ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി ഭാര്യവീട്ടിലടക്കം പോയശേഷമാണ് സുഹൃത്തുക്കള്‍ക്കൊപ്പം വേളാങ്കണ്ണിക്ക് യാത്രതിരിച്ചത്. ശാലേം നഗറില്‍ സ്ഥലം വാങ്ങിയ സോണിമോൻ സഹോദരനൊപ്പം രണ്ട് വീടുകള്‍ ഒരുമിച്ച്‌ നിർമിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു.

ഇതിനായി ബാങ്ക് വായ്പയെടുത്താണ് സ്ഥലം വാങ്ങിയത്. ഇതിന്‍റെ ഗഡുക്കള്‍ അടച്ചിരുന്നത് സോണിമോനായിരുന്നു. കോണ്‍ക്രീറ്റിംഗ് മേഖലയില്‍ കമ്പിയുടെ പണികളായിരുന്നു സോണി ചെയ്തിരുന്നത്.

കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു യുവാക്കള്‍ തേനിയില്‍ ഇന്നലെ കാറപകടത്തില്‍ മരിച്ചതിനു സമാനമായ അപകടത്തിന്‍റെ ഓര്‍മകള്‍ പഴമക്കാരുടെ മനസിലുണ്ട്. 48 വര്‍ഷം മുന്‍പ് കുറവിലങ്ങാട് ഇടവകയില്‍ നിന്ന് കൊടൈക്കനാലിന് പോയ മതബോധന അധ്യാപകരുടെ ബസ് മറിഞ്ഞ് വൈദികര്‍ ഉള്‍പ്പെടെ 18 പേരാണ് മരിച്ചത്.

1976 മേയ് എട്ടിനായിരുന്നു ദുരന്തം. വിശ്വാസ പരിശീലകരായ 43 അധ്യാപകരും മൂന്നു വൈദികരും ഒരു വൈദിക വിദ്യാര്‍ഥിയും രണ്ട് ബസ് ജീവനക്കാരും ഉള്‍പ്പെട്ട 49 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൊടൈക്കനാല്‍ ഡംഡം പാറയില്‍നിന്ന് ബസ് 600 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കുറവിലങ്ങാട് പള്ളിയിലെ പുനരുത്ഥാനപൂന്തോട്ടത്തില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുള്ളത്.