ക്ഷേമ പെന്‍ഷന്‍ അന്യായമായി വാങ്ങിയ സാധാരണ ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ;ജോലിക്ക് ഹാജരാകാതെ അനധികൃതമായി അദര്‍ ഡ്യൂട്ടി കാണിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി ശമ്പള ഇനത്തില്‍ കൈപ്പറ്റുന്നത് അഞ്ച് ലക്ഷത്തോളം രൂപ ; പ്രശാന്തിനെതിരെ നടപടി എടുക്കാന്‍ കാട്ടിയ ആര്‍ജ്ജവം സര്‍ക്കാര്‍ ജയതിലകിനെതിരെ കാട്ടുന്നില്ലെന്ന ആരോപണവും ശക്തം; സര്‍ക്കാര്‍ മൗനം ഒരുകൂട്ടം ഐഎഎസുകാര്‍ക്കിടയില്‍ അമര്‍ഷം; പുതിയ പുതിയ തെളിവുകള്‍ പുറത്തു വരുമ്പോള്‍ ഐഎഎസ് പോരില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിൽ

Spread the love

തിരുവനന്തപുരം: ഐഎഎസുകാര്‍ക്കിടയില്‍ അതൃപ്തി.  അഡീഷനല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ നിരവധി ആരോപണങ്ങളെത്തിയിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപം.  എന്‍ പ്രശാന്തിനെതിരെ വ്യാജ ആരോപണം ഉയര്‍ത്തി എന്നത് അടക്കമുള്ള ആരോപണം ജയതിലകിനെതിരെ പൊതു സമൂഹത്തിലുണ്ട്. എന്നാൽ  ആരും പരാതി കൊടുക്കാതെയാണ് എന്‍ പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ അച്ചടക്ക നടപടി തുടങ്ങിയത്.

video
play-sharp-fill

ഇതില്‍ പ്രശാന്ത് തന്നെ പരാതിയും നല്‍കി. എന്നാൽ ജയതിലകിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയോ എന്ന് ആര്‍ക്കും അറിയില്ല. വിവാദങ്ങളോട് മൗനത്തില്‍ പ്രതികരിച്ച് എല്ലാം തനിക്ക് അനുകൂലമാക്കാനാണ് ജയതിലകിന്റെ ശ്രമം. വിവാദങ്ങള്‍ കാരണം അടുത്ത ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യത ജയതിലകിന് അടഞ്ഞുവെന്നും വിലയിരുത്തലുകളുണ്ട്. അതിനിടെ പുതിയ തെളിവുകള്‍ പുറത്തു വരുമ്പോള്‍ ഐഎഎസ് പോരില്‍ സര്‍ക്കാര്‍ വലിയ പ്രതിക്കൂട്ടിലാണ്.

ജയതിലക് കഴിഞ്ഞ 23 മാസത്തിനിടെ ഓഫിസില്‍ ഹാജരായത് 190 ദിവസം മാത്രമെന്ന് വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. 2023 ജനുവരി മുതല്‍ ഇക്കഴിഞ്ഞ നവംബര്‍ വരെയുള്ള ഹാജര്‍നില സംബന്ധിച്ച രേഖയിലാണ് ജയതിലക് ഓഫിസില്‍ വരാതിരുന്നതിന്റെ കണക്കുകളുള്ളത്. സെക്രട്ടേറിയറ്റിനു പുറത്തു ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഒഡി (അദര്‍ ഡ്യൂട്ടി) രേഖപ്പെടുത്താറുണ്ട്. ഇത്തരം ചുമതലകളില്ലാതിരുന്ന കാലയളവിലും ജയതിലക് ഒഡി രേഖപ്പെടുത്തി ജോലിക്കു ഹാജരായില്ലെന്നാണ് ആക്ഷേപം. ഇത് ഗുരുതരമായ തെറ്റാണ്. ഇതില്‍ ജയതിലകിന്റെ ശമ്പളം തിരിച്ചു പിടിക്കുമോ എന്ന ചോദ്യവും സജീവം. ക്ഷേമ പെന്‍ഷന്‍ അന്യായമായി വാങ്ങിയ സാധാരണ ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തിരുന്നു. അതിലും വലിയ തെറ്റാണ് ജയതിലക് ചെയ്തതെന്നാണ് വിവരാവകാശ രേഖ ചര്‍ച്ചയാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023 ജനുവരിയില്‍ ആറ് ദിവസമാണ് ഹാജരായത്. ഫെബ്രുവരിയില്‍ പത്ത്,മാര്‍ച്ചില്‍ അഞ്ച്,ഏപ്രിലില്‍ അഞ്ച്,മെയിലും ജൂണിലും ആറ് ദിവസം വീതം. 2023 ല്‍ 10 ദിവസം ഹാജര്‍ തികച്ചത് രണ്ട് മാസം മാത്രം. ഇനി 2024ലേക്ക് വന്നാല്‍ ജനുവരിയില്‍ ഒമ്പത്.ഫെബ്രുവരിയില്‍ ആറ്,മാര്‍ച്ചില്‍ 10,ഏപ്രിലില്‍ ആറ്…ഇങ്ങനെ പോകുന്നു…2023 ഏറ്റവും കുറവ് ദിവസം ഹാജരായത് ഡിസംബറില്‍ നാല് ദിവസം. ഈ വര്‍ഷം ഇതുവരെ 10 ദിവസം ഹാജര്‍ പൂര്‍ത്തിയാക്കിയത് ആറ് മാസം. ഏറ്റവും കൂടുതല്‍ ഹാജര്‍ ഉള്ള മാസം ജൂലൈയില്‍ 15 ദിവസം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഹാജര്‍ രേഖപ്പെടുത്തുന്ന സ്പാര്‍ക് വഴിയുള്ള വിവരങ്ങള്‍ തിരുവനന്തപുരം സ്വദേശിയായ വിനോദ് നാരായണനാണ് വിവരാവകാശം വഴി ലഭിച്ചത്. ഇതിന് പിന്നിലെ സര്‍ക്കാര്‍ മൗനം ഒരുകൂട്ടം ഐഎഎസുകാര്‍ക്കിടയില്‍ അമര്‍ഷമായി മാറിയിട്ടുണ്ട്. മതാടിസ്ഥാനത്തിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനെതിരെ പോലീസ് നടപടിയും എടുത്തില്ല. ഇതിനിടെയാണ് ഹാജര്‍ വിവാദം. പ്രശാന്തിനെതിരെ നടപടി എടുക്കാന്‍ കാട്ടിയ ആര്‍ജ്ജവം സര്‍ക്കാര്‍ ജയതിലകിനെതിരെ കാട്ടുന്നില്ല.

ചുരുക്കത്തില്‍ ജോലിക്ക് ഹാജരാകാതെ അനധികൃതമായി അദര്‍ ഡ്യൂട്ടി കാണിച്ച് ജയതിലക് മാസം സര്‍ക്കാരില്‍ നിന്ന് ശമ്പള ഇനത്തില്‍ കൈപ്പറ്റുന്നത് അഞ്ച് ലക്ഷത്തോളം രൂപയാണ്. നേരത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐഎഎസ് നടപടികള്‍ കടുപ്പിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുന്നത് തടയാന്‍ ജയതിലകിനെയും ഗോപാലകൃഷ്ണനെയും ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും ഇവര്‍ പരസ്യമായി മാപ്പ് പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.

രേഖകള്‍ ചമയ്ക്കല്‍, വ്യാജരേഖ, ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനല്‍ ഗുഢാലോചന തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് നോട്ടീസില്‍ ചുമത്തിയിരിക്കുന്നത്. ഉന്നതിയുടെ സ്ഥാപക സിഇഒ ആയിരുന്ന കാലത്ത് ഫയലുകള്‍ കാണാതായതും ഹാജര്‍ ക്രമക്കേടുകളും ആരോപിച്ച് എ ജയതിലക് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രശാന്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നാണ് ആരോപണം.