
കൊല്ലം: കോളിനും എസ്എംഎസിനും മാത്രമായി പ്രത്യേക താരിഫ് പ്ലാനുകള്‍ വേണമെന്ന് ട്രായ്. ഈ നിർദേശത്തോടു മുഖം തിരിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍. ടെലികോം അഥോറിറ്റി ഒഫ് ഇന്ത്യയുടെ നിർദേശം പിന്തിരിപ്പൻ ആശയമാണെന്നാണ് മൊബൈല്‍ ഓപ്പറേറ്റർമാർ പറയുന്നത്.
രാജ്യത്തെ മൊബൈല്‍ സേവനങ്ങള്‍ 2-ജി, 3-ജി എന്നിവയില്‍ നിന്ന് 4-ജി, 5-ജി എന്നിവയിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. പുതിയ നിർദേശം അപ്ഗ്രഡേഷനെ മന്ദഗതിയിലാക്കുമെന്ന് ഓപ്പറേറ്റർമാർ ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല, നിലവിലെ 2-ജി ഉപയോക്താക്കളെ ഡേറ്റാ സേവനങ്ങളില്‍നിന്നു പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന് വിലയിരുത്തുന്നു.
നിലവില്‍ പ്രാബല്യത്തിലുള്ള ബണ്ടില്‍ പാക്കേജുകളില്‍ വോയ്സ് സേവനങ്ങള്‍ ഏകദേശം സൗജന്യമായാണു നല്‍കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.ഇക്കാരണത്താല്‍ത്തന്നെ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചാല്‍ 2-ജി ഉപയോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത കുറയുമെന്നും കമ്പനികള്‍ വിലയിരുത്തുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിലയൻസ് ജിയോയും ഭാരതി എയർടെലും രാജ്യവ്യാപകമായി 5-ജി നെറ്റ്വർക്കുകള് ഇതിനകം പുറത്തിറക്കി കഴിഞ്ഞു. ശേഷിക്കുന്ന 2-ജി ഉപയോക്താക്കളെ 4-ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനുമുള്ള ചുവടുവയ്പുകള്‍ നടന്നു വരികയുമാണ്. വോഡഫോണ്‍ ഐഡിയയും 2025-ല്‍ 5-ജി അവതരിപ്പിക്കാനുമുള്ള തയാറെടുപ്പിലാണ്.
ഡിജിറ്റല്‍ ഇന്ത്യ സംരംഭങ്ങളുടെ നേട്ടം ശേഷിക്കുന്ന 2-ജി ഉപയോക്താക്കള്ക്കുകൂടി പ്രയോജനപ്പെടുത്താൻ താത്പര്യമില്ല എന്നു സൂചിപ്പിക്കുന്നതാണു പുതിയ നിർദേശമെന്നും കമ്പനികള്‍ കുറ്റപ്പെടുത്തുന്നു.ഇപ്പോള്‍ മൊബൈല്‍ കമ്ബനികള്‍ നല്കുന്ന നിലവിലുള്ള റീചാർജ് പ്ലാനുകളില്‍ ഭൂരിഭാഗവും ഡേറ്റ, വോയ്സ്, എസ്എംഎസ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ ഉള്‍പ്പെടുത്തിയവയാണ്. ഇങ്ങനെ റീചാർജ് ചെയ്യുന്ന പലർക്കും എല്ലാ സേവനവും ആവശ്യമില്ല.
പഴയ ഫീച്ചർ ഫോണുകള്‍ ഉപയോഗിക്കുന്നവർ പോലും ഇന്റർനെറ്റ് ഉള്‍പ്പെടെയുള്ള റീചാർജ് പ്ലാനുകള്‍ ഉപയോഗിക്കുന്നുണ്ട്.ഇതൊഴിവാക്കാനാണ് വോയ്സിനും എസ്എംഎസിനും പ്രത്യേക താരിഫ് പ്ലാനുകള്‍ വേണമെന്നു ട്രായ് കഴിഞ്ഞ ദിവസം മൊബൈല്‍ കമ്ബനികള്‍ക്കു നിർദേശം നല്‍കിയത്. ഇതിനായി 2012-ലെ ട്രായ് ചട്ടം ഭേദഗതിയും ചെയ്തു.
ആവശ്യമില്ലാത്ത സേവനങ്ങള്‍ക്ക് ഉപയോക്താക്കള്‍ പണം നല്‍കേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രായ് പുതിയ നിർദേശം നല്‍കിയത്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ കമ്പനികളുടെ വരുമാനത്തില്‍ വൻ ഇടിവു ണ്ടാകും. അതും അവരുടെ വിയോജിപ്പിന്റെ മറ്റൊരു കാരണമാണ്.
സ്പെഷല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ പ്ലാനുകളുടെയും പരമാവധി കാലാവധി 90 ദിവസം എന്നത് 365 ദിവസമായി ഉയർത്താമെന്നും പുതിയ നിർദേശത്തിലുണ്ട്.