
ഞായറാഴ്ചയാണ് മകന്റെ വിവാഹം: ഒരിക്കലും മറക്കാത്ത വിവാഹ സമ്മാനം നൽകി പിതാവ് നാട്ടുകാർക്ക്: ഈ സമ്മാനത്തിന് 4 കിലോമീറ്റർ ദൂരമുണ്ട്: ഇതാണ് ആ സമ്മാനം
പുളിക്കീഴ്: മകന്റെ കല്യാണത്തിന് അച്ഛന്റെവകയായി നാട്ടുകാർക്ക് കിട്ടിയത് ഒന്നൊന്നര സമ്മാനം. ഒന്നൊന്നരയല്ല കൃത്യമായി പറഞ്ഞാല്‍ നാല് കിലോമീറ്ററോളം വരുന്നുണ്ട് ആ സമ്മാനത്തിന്റെ നീളം.
നാലരവർഷമായി യാത്രക്കാരുടെ നടുവൊടിച്ചുകിടന്ന റോഡ് അഞ്ചുലക്ഷം രൂപ മുടക്കി നവീകരിച്ചുനല്‍കിയാണ് വ്യവസായിയായ അച്ഛൻ നാടിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.
ഡിസംബർ 22-നാണ് നിരണം തോട്ടുമട ജഗദീഷ് ശിവന്റെ മകൻ അഭിജിത്തിന്റെ വിവാഹം. കോയമ്പത്തൂരിലുള്ള ജഗദീഷ് കഴിഞ്ഞദിവസം നാട്ടിലെത്തിയപ്പോഴാണ് വീടിനടുത്തുകൂടിപ്പോകുന്ന റോഡിന്റെ അവസ്ഥ കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടപ്ര പഞ്ചായത്തിലെ ഒന്നാം കുരിശ് മുതല്‍ നിരണം പഞ്ചായത്തിലെ മുണ്ടനാരി കുരിശ് വരെയുള്ളഭാഗം കാല്‍നടക്കാർക്കുപോലും പോകാനാകാത്തവിധം തകർന്നുകിടക്കുകയായിരുന്നു.
ഉടൻതന്നെ കരാർ ജോലിചെയ്യുന്ന സുഹൃത്തായ അനില്‍ എസ്.ഉഴത്തിലിനെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടി. പഞ്ചായത്ത് അധികൃതരുമായി സംസാരിച്ചു. തുടർന്ന് റോഡ് ശരിയാക്കാനുള്ള പണവും കരാറുകാരന് കൈമാറി.
നിർമാണ ഉദ്ഘാടനം നിരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്സ് പുത്തൂപ്പള്ളിയാണ് നിർവഹിച്ചത്. ഗ്രാമപ്പഞ്ചായത്ത് മെമ്പർ റെജി കണ്ണിയാംകണ്ടത്തില്‍ അധ്യക്ഷതവഹിച്ചു. കാഥികൻ നിരണം രാജൻ ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു. നാടിനോടുള്ള സ്നേഹംകൊണ്ടാണ് റോഡ് ശരിയാക്കാൻ തീരുമാനിച്ചതെന്ന് ചടങ്ങില്‍ ജഗദീഷ് ശിവൻ പറഞ്ഞു.