
ബംഗളൂരു: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തില്‍ ഒൻപത് പേർ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ 32കാരിയായ കുഞ്ഞിന്‍റെ അമ്മയും ഉള്‍പ്പെടുന്നു.
ജയിലില്‍ കഴിയുന്ന ഭർത്താവിന് ജാമ്യം ലഭിക്കാൻ വേണ്ടിയാണ് കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റതെന്ന് അമ്മ മൊഴി നല്‍കി.
യുവതിയുടെ അമ്മായിയമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മോഷണക്കേസിലാണ് യുവതിയുടെ ഭർത്താവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതി ഗർഭിണിയായിരിക്കെ കർണാടകയിലെ ബൈക്കുള ജയിലില്‍ ഭർത്താവിനെ സന്ദർശിച്ചപ്പോള്‍ ജാമ്യത്തുകയെകുറിച്ച് അറിഞ്ഞു. ഇതേത്തുടർന്നാണ് കുഞ്ഞ് ജനിച്ചതോടെ പണം സ്വരൂപിക്കുന്നതിനായി കുഞ്ഞിനെ വില്‍ക്കാൻ തീരുമാനിച്ചതെന്ന് യുവതി മൊഴി നല്‍കി. കുഞ്ഞിനെ വിറ്റതില്‍ നിന്ന് ഏകദേശം ഒരു ലക്ഷം രൂപ കൈപ്പറ്റിയതായി അമ്മ സമ്മതിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മാതുംഗ പൊലീസ് കുഞ്ഞിനെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. എട്ട് ഇടനിലക്കാരെ സംഘം ഒടുവില്‍ അറസ്റ്റ് ചെയ്തു. മനീഷ സണ്ണി യാദവ്, സുലോചന സുരേഷ് സാബ്ലെ, മീരാ രാജാറാം യാദവ്, യോഗേഷ് സുരേഷ് ബോയർ, റോഷ്‌നി സോന്തു ഘോഷ്, സന്ധ്യ അർജുൻ രജ്പുത്,
മദീന എന്ന മുന്നി ഇമാം ചവാൻ, തൈനാസ് ഷാഹിൻ ചൗഹാൻ, മൊയ്‌നുദ്ദീൻ തംബോലി എന്നിവരാണ് അറസ്റ്റിലായത്. കുഞ്ഞ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞിനെ വാങ്ങിയ ആളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.