രാത്രി 10നുശേഷം ഉച്ചഭാഷിണിക്ക് അനുമതി നിഷേധിച്ചതിനെതിരെ സ്റ്റേജ് കലാകാരന്മാർ സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിച്ചു
തിരുവനന്തപുരം: രാത്രി പത്തിന് ശേഷമുള്ള ഉച്ചഭാഷിണി നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ആര്‍ട്ടിസ്റ്റ് ഏജന്റ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ (എഎസിസി) നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണ സംഘടിപ്പിച്ചു. ധർണ ഗായകന്‍ പന്തളം ബാലന്‍ ഉദ്ഘാടനം ചെയ്തു. എഎസിസി പ്രസിഡന്റ് വയയ്‌ക്കല്‍ മധു അധ്യക്ഷത വഹിച്ചു.
എത്രയോ കാലമായി 24 മണിക്കൂറും നടന്നിരുന്ന ഉത്സവങ്ങളില്‍ പെട്ടെന്ന് ഒരു നിയന്ത്രണം കൊണ്ടുവന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലന്ന് പന്തളം ബാലന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ കലയെയും കലാകാരന്മാരെയും രക്ഷിക്കാന്‍ ആരുമില്ല. ഒരു കലാകാരന് തന്റെ പ്രകടനത്തിന് കിട്ടുന്ന പ്രതിഫലത്തേക്കാളുപരി മാനസിക സന്തോഷവും ഊര്‍ജവും മുന്നോട്ടുള്ള ജീവിതത്തിന് ഒരുപാട് സന്തോഷം നല്‍കുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി കലാകാരന് മാനസിക സന്തോഷം ലഭിക്കുന്നില്ല.ഒരുസീസണില്‍ മൂന്നൂറിലധികം സ്റ്റേജുകളില്‍ പാടിയിരുന്ന ആളാണ് ഞാന്‍. എന്നാലിപ്പോഴത് വിരലിലെണ്ണാവുന്നവയായി മാറി. തിരുവനന്തപുരത്ത് ഗാനമേള നടത്തിക്കൊണ്ടിരുന്നപ്പോള്‍ പത്ത് മണികഴിഞ്ഞെന്ന് പറഞ്ഞ് പോലീസ് വന്ന് ഫ്യൂസ് ഈരിക്കൊണ്ട് പോയ അനുഭവം ഉണ്ടായിട്ടുണ്ട്. കലാകാരന്മാര്‍ അത്ര ഗതികെട്ടവരല്ലെന്നും പന്തളം ബാലന്‍ കൂട്ടിച്ചേർത്തു.എഎസിസി ജനറല്‍ സെക്രട്ടറി പ്രമോദ് ട്രാക്‌സ്, ട്രഷറര്‍ ഉമേഷ് അനുഗ്രഹ തുടങ്ങിയവര്‍ സംസാരിച്ചു. കലാകാരന്മാര്‍ പ്രോഗ്രാം ഏജന്റുമാര്‍ തുടങ്ങി നിരവധി പേര്‍ ധര്‍ണയില്‍ പങ്കെടുത്തു. രാവിലെ 10 ന് തുടങ്ങിയ ധര്‍ണ വൈകിട്ട് 5ന് സമാപിച്ചു.