
യു എസ് എ: പക്ഷിപ്പനി വാഹകർ പക്ഷികള്‍ മാത്രമാണെന്നായിരുന്നു നാം കരുതിവച്ചിരുന്നത്.എന്നാല്‍ അത് തിരുത്തി പറയുകയാണ് പുതിയ പഠനം. എച്ച്5എൻ1-ന്റെ വകഭേദങ്ങള്‍ പൂച്ചകളിലൂടെ എളുപ്പം മനുഷ്യരിലേക്കും പകരാനിടയുണ്ടെന്ന് ടെയ്ലർ ആന്റ് ഫ്രാൻസിസ് എന്ന കമ്പനിക്ക് കീഴില്‍ പ്രസിദ്ധീകരിച്ച ജേണലില്‍ പറയുന്നു.
ഏപ്രിലില്‍ യുഎസിലെ സൗത്ത് ഡക്കോട്ടയിലെ ഒരു വീട്ടില്‍ പത്ത് പൂച്ചകള്‍ ചത്തിരുന്നു. ഇവയുടെ ശരീരം പരിശോധിച്ച ഗവേഷകർ ഈ പൂച്ചകളില്‍ ശ്വസന സംബന്ധമായതും നാഡീസംബന്ധമായതുമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളുണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് 80 കിമീ അകലെയുള്ള ഒരു പശുവളർത്തല്‍ കേന്ദ്രത്തിലെ കന്നുകാലികളില്‍ കണ്ടെത്തിയ വൈറസിന് സമാനമായ വകഭേദം പൂച്ചകളില്‍ കണ്ടെത്തിയത്. പൂച്ചകള്ക്കരികില് കണ്ടെത്തിയ പക്ഷിത്തൂവലുകള്‍ അവ വൈറസ് വാഹകരായ പക്ഷികളെ ഭക്ഷിച്ചതിന് തെളിവായി കണ്ടെത്തി.
മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൂച്ചകള്‍ക്ക് പക്ഷിപ്പനി വൈറസും സീസണല്‍ ഫ്ലൂ വൈറസുകളും ഒരേസമയം വഹിക്കാനാകുമെന്ന് കണ്ടെത്തി. ശേഷം അവയ്ക്ക് വകഭേദം സംഭവിക്കുകയും സ്ഥിരമായി ഇടപഴകുന്ന മനുഷ്യരിലേക്ക് പക്ഷിപ്പനി പകരുകയും ചെയ്യുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ പൂച്ചകള്‍ വഴി എച്ച്5എൻ1 മനുഷ്യരിലേക്ക് പകർന്നതിന് തെളിവുകളില്ല. എങ്കിലും ഇതില്‍ അടിയന്തിര നിരീക്ഷണം ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.



