
പാലക്കാട്: വിദേശങ്ങളിലുള്ള മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലുള്ള തൊഴില്‍രഹിതരായ യുവാക്കളില്‍നിന്നും വന്‍ തുക കമ്മീഷന് വാങ്ങി കംപോഡിയ, തായ്ലാന്ഡ് എന്നീ രാജ്യങ്ങളില്‍ ചൈനീസ് പൗരന്മാരാല് നിയന്ത്രിക്കപ്പെടുന്ന സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന മുഖ്യ ഏജന്റിനെഅറസ്റ് ചെയ്തു.പാലക്കാട് സൈബര്‍ ക്രൈം പോലീസ് നേതൃത്വത്തിൽ മുംബൈയില്‍ നിന്നുമാണ് പിടികൂടിയത്. തൃശൂർ വെങ്കിടങ്ങ് പാടൂര്‍ കല്ലിങ്കല്‍ വീട്ടില്‍ സുഗിത് സുബ്രഹ്മണ്യനാണ്(44) അറസ്റ്റിലായത്.
പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ യുവാവിനെ ആകര്‍ഷകമായ ശമ്പളത്തില്‍ ഡാറ്റ എന്‍ട്രി ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റി തായ്ലന്ഡിലേക്ക് കൊണ്ടു പോയി അവിടെ നിന്നും റോഡ് മാര്‍ഗം കംപോഡിയലേക്ക് കടത്തി കൊണ്ടു പോകുകയായിരുന്നു. അവിടെ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ നിര്‍ബന്ധിത സൈബര്‍ തട്ടിപ്പ് ജോലി ചെയ്യിപ്പിക്കുകയും കൂടുതല്‍ ആളുകളെ തട്ടിപ്പിനിരയാക്കി പണം കൈക്കലാക്കുന്നതിന് ടാര്‍ഗറ്റ് നിശ്ചയിച്ച് നല്‍കുകയും ചെയ്തു. വിസമ്മതിക്കുന്നവരുടെ ശമ്പളം കുറയ്ക്കുകയും ഇരിക്കാന്‍ പോലും സമ്മതിക്കാതെ നിര്‍ബന്ധപൂര്‍വ്വം ജോലി ചെയ്യിക്കുകയും ചെയ്തിരുന്നതായും പോലീസ് പറയുന്നു.
നാട്ടിലേക്കു വരാന്‍ നിര്‍ബന്ധം പിടിച്ചാണ് യുവാവ് അവിടെനിന്നും രക്ഷപ്പെട്ടത്. തുടര്‍ന്ന് പാലക്കാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.വിദേശത്തായിരുന്ന പ്രതിക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച പോലീസ് മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഡി.സി.ആര്.ബി ഡിവൈ.എസ്.പി: എം. പ്രസാദിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ.എസ്. സരിന്, എസ്.ഐ. സി.എസ്. രമേഷ്, എസ്.സി.പി.ഒ എം. ഷിജു, പി.സി എച്ച്. പ്രേംകുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group