
കോയമ്പത്തൂർ: ശ്രീലങ്കയിലെ മുൻ ദേശീയ റേഡിയോ ചാനൽ ആയിരുന്ന റേഡിയോ സിലോണിലെ മലയാള പരിപാടികളുടെ അവതാരകയായി മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ സരോജിനി ശിവലിംഗം (89) അന്തരിച്ചു. കോയമ്പത്തൂർ വടവള്ളി മരുതം നഗറിൽ മകൾ രോഹിണിയുടെ വീട്ടിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം.
വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. പാലക്കാട് കൊടുവായൂർ എത്തന്നൂർ സ്വദേശിനിയായ സരോജിനി പൂനാത്ത് ദാമോദരൻ നായർ- കൂട്ടാലവീട്ടിൽ വിശാലാക്ഷിയമ്മ ദമ്പതികളുടെ മകളാണ്. പിതാവ് ദാമോദരൻ നായർ പ്രതിരോധ വകുപ്പിൽ ഡെപ്യൂട്ടി കൺട്രോളറായിരുന്നു.
മീററ്റിൽ ജനിച്ച സരോജിനി കൊൽക്കത്തയിലും പുണെയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൊടുവായൂർ ഹൈസ്കൂളിൽനിന്ന് പാസായതിനുശേഷം കോയമ്പത്തൂരിലും ചെന്നൈയിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിഎ ഓണേഴ്സിന് പഠിക്കുമ്പോഴാണ് ശ്രീലങ്കന്‍ സ്വദേശിയായ ആർ ആർ ശിവലിംഗത്തെ കണ്ടുമുട്ടിയതും പ്രണയിച്ച് വിവാഹിതരായതും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ശ്രീലങ്കയിലെത്തിയ ശേഷം മുപ്പത്തിയാറാം വയസിലാണ് 1971ല്‍ സിലോൺ ബ്രോഡ്കാസ്റ്റിങ് കോർപറേഷനില്‍ (എസ്എൽബിസി) മലയാള പ്രക്ഷേപണ വിഭാഗത്തിൽ അനൗൺസറായി ജീവിതം തുടങ്ങിയത്. 12 വര്‍ഷക്കാലം മലയാളം അവതാരികയായി ജോലി ചെയ്തു.
മികച്ച അവതാരക എന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് സരോജിനി പ്രശസ്തയായി. ശ്രീലങ്കയിലെ രാഷ്ട്രീയസാഹചര്യം മാറിയതോടെ 1983ല്‍ ജോലി വിടുകയും ശ്രീലങ്ക വിട്ട് നാട്ടിലെത്തുകയും ചെയ്തു. ഭര്‍ത്താവുമൊത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും ആണ്മക്കള് രണ്ടുപേരും കുറച്ചുകാലം കൂടി അവിടെ തുടര്‍ന്നു.
പിന്നീട് അവരും ശ്രീലങ്ക വിട്ട് ന്യൂസിലന്റിലേക്കും അമേരിക്കയിലേക്കും കുടിയേറി. മകള്‍ കുടുംബവുമൊത്ത് കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കി. 1999ല്‍ ഭര്‍ത്താവ് ശിവലിംഗം മരിച്ചതോടെയാണ് സരോജിനി മകള്‍ക്കൊപ്പം കോയമ്പത്തൂരിലേക്ക് പോയത്. മക്കള്‍: ദാമോദരന്‍, ശ്രീധരന്, രോഹിണി.